മണിപ്പുഴ നാലുവരിപ്പാതയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ചു: പള്ളം സ്വദേശിയായ വീട്ടമ്മ മരിച്ചു; അപകടം ഇന്ന് രാവിലെ എട്ടു മണിയോടെ
ജി.കെ വിവേക്
കോട്ടയം: മണിപ്പുഴ നാലുവരിപ്പാതയിൽ ടോറസ് ലോറി സ്കൂട്ടറിനു പിന്നിൽ തട്ടി മകനൊപ്പം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയ്ക്കു ദാരുണാന്ത്യം. റോഡിൽ തലയിടിച്ചു വീണ വീട്ടമ്മ തല്ക്ഷണം മരിച്ചു. പള്ളം കുമരകത്തു വീട്ടിൽ സാലമ്മ(50)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ജോമോനെ നിസാര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ നാലുവരിപ്പാതയിൽ മണിപ്പുഴ ജംഗ്ഷനിലായിരുന്നു അപകടം. പള്ളിയിലേയ്ക്കു പോകുന്നതായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ഇരുവരും. പന്നിമറ്റത്തെ വീട്ടിൽ നിന്നും മണിപ്പുഴ ജംഗ്ഷനിൽ എത്തിയപ്പോൾ, പിന്നാലെ എത്തിയ ടോറസ് ലോറി, ഇവരുടെ സ്കൂട്ടറിന്റെ പിന്നിൽ തട്ടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയന്ത്രണം നഷ്ടമായ സ്കൂട്ടർ റോഡിന്റെ ഒരു വശത്തേയ്ക്കു മറിഞ്ഞു. സാലമ്മ റോഡിൽ തലയിടിച്ചു വീണു. ഇവർ റോഡിൽ വീണു കിടക്കുന്നത് കണ്ട് ഓടിയെത്തിയ ഓട്ടോ ഡ്രൈവർമാരാണ് ഇവരെ രണ്ടു പേരെയും ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ എത്തിച്ചപ്പോഴേയ്ക്കും സാലമ്മ മരിച്ചിരുന്നു.
കോടിമത നാലുവരിപ്പാതയിൽ ഒരിടവേളയ്ക്കു ശേഷം വീണ്ടും അപകടങ്ങൾ ഉണ്ടായതായാണ് ഇത് വ്യക്തമാക്കുന്നത്. നാലുവരിപ്പാതയിൽ മണിപ്പുഴ ജംഗ്ഷനിലാണ് ഏറ്റവുമധികം തിരക്കുണ്ടാകുന്നത്. ഈ തിരക്ക് നിയന്ത്രിക്കാൻ ഇവിടെ സിഗ്നൽ ലൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പലപ്പോഴും ഈ സിഗ്നൽ ലൈറ്റിന്റെ നിയന്ത്രണങ്ങൾ മറികടന്ന് എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.
ഇവിടെ ഹോം ഗാർഡ് മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടാകുക. സിഗ്നൽ ലൈറ്റിൽ പച്ച തെളിയുമ്പോൾ അമിത വേഗത്തിൽ പായുന്ന വാഹനങ്ങളാണ് അപകടത്തിന് ഇടയാക്കുന്നത്. ഇവരെ നിയന്ത്രിക്കാനാവാതെ വരുമ്പോൾ അപകടത്തിൽപ്പെടുന്നത് ചെറു വാഹനങ്ങളാണ്.