video
play-sharp-fill

ഒന്നാം ക്ലാസുകാരനെ മർദ്ദിച്ച അദ്ധ്യാപികയെയും പ്രധാനാധ്യാപകനേയും സസ്പൻഡ് ചെയ്തു.

ഒന്നാം ക്ലാസുകാരനെ മർദ്ദിച്ച അദ്ധ്യാപികയെയും പ്രധാനാധ്യാപകനേയും സസ്പൻഡ് ചെയ്തു.

Spread the love

ശ്രീകുമാർ

വണ്ടിപ്പെരിയാർ: ഒന്നാം ക്ലാസ് വിദ്യാർഥിയായ ആറു വയസുകാരനെ ക്രൂരമായി മർദ്ദിച്ച അധ്യാപിക തമിഴ്നാട് ഉത്തമപാളയം സ്വദേശി ഷീല അരുൾറാണിയേയും പ്രഥമാധ്യാപകൻ ബാബുരാജിനെയും വിദ്യാഭ്യാസ ഉപ ഡയറക്ടർ എ. അബൂബക്കർ സസ്‌പെൻഡ് ചെയ്തു. വണ്ടിപ്പെരിയാർ ഗവ. എൽ.പി സ്‌കൂളിലെ വിദ്യാർഥി ബി. ഹരീഷിനെ അധ്യാപിക ഷീല അരുൾറാണി വടി കൊണ്ടു പുറത്തടിച്ചെന്നാണു പരാതി. വിവരം മറച്ചുവെയ്ക്കാൻ ശ്രമിച്ചതിനാണ് ബാബുരാജിനെതിരെ നടപടി എടുത്തത്. ഇന്നലെ രാവിലെ ഹരീഷിനെ കുളിപ്പിക്കുമ്പോൾ അമ്മ ലക്ഷ്മിയാണ് മകന്റെ പുറത്ത് വടികൊണ്ട് അടിയേറ്റതിന്റെ ആറോളം പാടുകൾ ശ്രദ്ധിച്ചത്. പഠിക്കാത്തതിന് അധ്യാപിക അടിച്ചതാണെന്ന് ഹരീഷ് പറഞ്ഞതോടെ ലക്ഷ്മി സ്‌കൂളിലെത്തി അധ്യാപികയ്‌ക്കെതിരേ പരാതി നൽകി. തുടർന്ന് ഹരീഷിനെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കുസൃതി കാട്ടിയതിന് അടിച്ചപ്പോൾ കുട്ടി തിരിഞ്ഞതിനാലാണ് പുറത്ത് അടിയേറ്റതെന്നും കുട്ടിയോടും മാതാവിനോടും ക്ഷമാപണം നടത്തിയെന്നും ബാബുരാജ് പറഞ്ഞു. സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് തമിഴ്നാട്ടിലേക്ക് ഒളിവിൽ പോയ ഷീല അരുൾറാണിയെ അന്വേഷിച്ച് ഇന്ന് ഉച്ചയോടെ പോലീസ് ഉത്തമപാളയത്തേക്ക് തിരിക്കുമെന്നും മൂന്നു വർഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും വണ്ടിപ്പെരിയാർ എസ്.ഐ സെയ്ഫുദ്ദീൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.