കൊച്ചിയിൽ കൊറോണ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മൂന്ന് വയസുകാരന്റെ അച്ഛനും രോഗം സ്ഥിരീകരിച്ചു ; ഇയാളുമായി സമ്പർക്കം പുലർത്തിയ 27 പേരുടെ പട്ടിക തയ്യാറാക്കി ; ആശുപത്രിയിലെ കാന്റീൻ ജീവനക്കാരൻ, ടാക്‌സി ഡ്രൈവർ ഉൾപ്പെടെയുള്ളവർ പട്ടികയിൽ
സ്വന്തം ലേഖകൻ
കൊച്ചി: കൊറോണ ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് വയസുകാരന്റെ അച്ഛനും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുമായി സമ്പർക്കം പുലർത്തിയ 23 പേരുടെ പട്ടിക തയ്യാറാക്കി. എന്നാൽ പട്ടികയിലുള്ള എത്ര പേരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റണമെന്ന കാര്യത്തിൽ വെള്ളിയാഴ്ച തീരുമാനമെടുത്തേക്കും.
ഏഴാം തീയതിയാണ് മൂന്നു വയസുകാരനും അച്ഛനമ്മമാരും ഇറ്റലിയിൽ നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ യൂണിവേഴ്‌സൽ സ്‌ക്രീനിങ് സംവിധാനത്തിൽ പരിശോധന നടത്തിയപ്പോഴാണ് കുട്ടിക്ക് പനിയുണ്ടെന്ന് മനസിലായത്. ഉടൻ തന്നെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലൻസിലാണ് കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഞ്ഞിനൊപ്പം അമ്മയെയും ഐസൊലേഷൻ വാർഡിലാക്കി. മൂന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞായതിനാലാണ് അമ്മയെയും ഐസൊലേഷൻ വാർഡിൽ ഒപ്പം നിർത്തിയതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാലും കുട്ടിക്ക് കൊവിഡ് സ്ഥിരീകരിക്കാത്തതിനാലുമാണ് അച്ഛനെ വിട്ടയച്ചതെന്നാണ് വിശദീകരണം. അച്ഛൻ പുറത്ത് ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയും ആശുപത്രിയിൽ വന്നുപോവുകയുമായിരുന്നു.
മാർച്ച് ഒൻപതിന് കുട്ടിക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ അച്ഛനെ ഐസൊലേഷൻ വാർഡിലാക്കിയത്. പിന്നീട് ഇയാൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇയാളുമായി ഇടപഴകിയവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയത്. പുറത്തുണ്ടായിരുന്ന രണ്ടു ദിവസം ഇയാൾ പോയ ആശുപത്രി പരിസരത്തെ കാന്റീനിലെ ജീവനക്കാർ, സിം കാർഡിനായി പോയ കടയിലെ ജീവനക്കാർ ,ടാക്‌സി ഡ്രൈവർ എന്നിവരൊക്കെ പട്ടികയിൽ ഉണ്ട്.