play-sharp-fill
കൊച്ചുമകൻ്റെ ഭാര്യയുടെ കയ്യിൽ നിന്നും ചായ വാങ്ങിക്കുടിച്ചു: കണ്ടു നിന്ന മകൻ അമ്മയെ തിന്നർ ഒഴിച്ച് തീ കൊളുത്തി;  ക്രൂരത കാട്ടിയത് അമ്മയുടെ വായിൽ ടോർച്ച് കുത്തിക്കയറ്റിയതിന് ജയിലിൽ കഴിഞ്ഞ മകൻ

കൊച്ചുമകൻ്റെ ഭാര്യയുടെ കയ്യിൽ നിന്നും ചായ വാങ്ങിക്കുടിച്ചു: കണ്ടു നിന്ന മകൻ അമ്മയെ തിന്നർ ഒഴിച്ച് തീ കൊളുത്തി; ക്രൂരത കാട്ടിയത് അമ്മയുടെ വായിൽ ടോർച്ച് കുത്തിക്കയറ്റിയതിന് ജയിലിൽ കഴിഞ്ഞ മകൻ

സ്വന്തം ലേഖകൻ

തൃശൂർ: മകന്റെ സമ്മതമില്ലാതെ കൊച്ചുമകന്റെ ഭാര്യയുടെ കൈയ്യിൽ നിന്നും ചായ വാങ്ങിക്കുടിച്ചതിന് വയോധികയായ അമ്മയെ മകൻ തിന്നർ ഒഴിച്ച് തീ കൊളുത്തി. മാനിനക്കുന്ന് താണവീഥി അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപം ഗുരുജി നഗറിൽ വാഴപ്പുള്ളി അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മുവിനാണ് (85) പൊള്ളലേറ്റത്.

 

70 ശതമാനത്തിലേറെ പൊള്ളലേറ്റ അമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ തടഞ്ഞു വച്ച മകൻ ഉണ്ണിക്കൃഷ്ണനെ (ഉണ്ണിമോൻ -60) ബലപ്രയോഗത്തിലൂടെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 8.30നാണ് സംഭവം. വള്ളിയമ്മുവിനെ ഉണ്ണിക്കൃഷ്ണൻ മുൻപും പല തവണ ഉപദ്രവിച്ചിരുന്നതായി പറയുന്നു. തന്നെ ആക്രമിച്ചതിനു ജയിലിൽ കിടന്ന മകനെ ജാമ്യത്തിലിറക്കിയ 85 വയസ്സുള്ള അമ്മയെ മകൻ പെയിന്റിൽ ഒഴിക്കുന്ന തിന്നർ മിശ്രിതം ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കുടുംബാംഗങ്ങളും നാട്ടുകാരും നോക്കി നിൽക്കെ റോഡിലാണ് സംഭവം. അമ്മയുടെ വായിൽ ടോർച്ച് കുത്തിക്കയറ്റിയ കേസിൽ ജയിലിൽ കിടക്കുകയായിരുന്ന മകനെ അമ്മ രണ്ട് മാസം മുൻപാണ് ജാമ്യത്തിലിറക്കിയത്. ഉണ്ണിക്കൃഷ്ണന്റെ മകന്റെ ഭാര്യയുടെ കയ്യിൽ നിന്നു തന്റെ സമ്മതമില്ലാതെ ചായ വാങ്ങി കുടിച്ചതിന് ഉണ്ണിക്കൃഷ്ണൻ വള്ളിയമ്മുവിനെ മടൽ കൊണ്ട് അടിക്കാനോങ്ങി.

 

മകന്റെ ശാരീരിക ഉപദ്രവം പേടിച്ച് റോഡിലേക്കിറങ്ങിയ അമ്മയെ പിന്തുടർന്ന് ഓടി എത്തിയ മകൻ വീട്ടിൽ സൂക്ഷിച്ചിരുന്ന തിന്നർ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. പ്രായമായതിനാൽ വള്ളിയമ്മുവിന് വടി കുത്തിപ്പിടിച്ചേ നടക്കാനാകൂ. ഇതിനാൽ രക്ഷപ്പെടാനായില്ല. കുറച്ചകലെയായി റോഡിൽ സമീപവാസികൾ ഉണ്ടായിരുന്നെങ്കിലും അവർ എത്തുംമുൻപ് തീ ആളിപ്പടർന്നിരുന്നു. അമ്മയെ മർദിച്ചതിനു ഉണ്ണിക്കൃഷ്ണന്റെ പേരിൽ ഒട്ടേറെ പരാതികളുണ്ട്. ആറ് മാസം മുൻപാണ് ടോർച്ച് വായിൽ കുത്തിക്കയറ്റിയ സംഭവത്തിൽ അറസ്റ്റിലായത്. കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം വഴങ്ങി വള്ളിയമ്മു തന്നെയാണ് കോടതിയിലെത്തി ജാമ്യത്തിലിറക്കിയത്.