കൊറോണ വൈറസ്: കടുത്ത നടപടികളുമായി ഇന്ത്യ; ഏപ്രിൽ 15 വരെ ഇന്ത്യയിലേക്ക് അനുവദിച്ചിരുന്ന എല്ലാ ടൂറിസ്റ്റ് വീസകളും റദ്ദാക്കി; ഇറ്റലിയിലേക്കുള്ള വിമാനസർവീസുകൾ എയർ ഇന്ത്യ നിർത്തിവച്ചു
സ്വന്തം ലേഖകൻ
ഡൽഹി: കൊറോണ വൈറസ് 19 മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ കടുത്ത നടപടികളുമായി ഇന്ത്യ. ഏപ്രിൽ 15 വരെ ഇന്ത്യയിലേക്ക് അനുവദിച്ചിരുന്ന എല്ലാ ടൂറിസ്റ്റ് വീസകളും റദ്ദാക്കി. വെള്ളിയാഴ്ച മുതൽ വിലക്ക് നിലവിൽ വരും. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതിയിലാണ് തീരുമാനം എടുത്തത്.
നയതന്ത്ര ഉദ്യോഗസ്ഥർക്കും അന്തർദേശീയ സംഘടനാ പ്രവർത്തകർക്കും റദ്ദാക്കൽ ബാധകമല്ല. ഇന്ത്യയിലേക്ക് അടിയന്തരമായി യാത്രചെയ്യേണ്ടി വരുന്നവർ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കാം. ചൈന, ഇറ്റലി, ഇറാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, ഫ്രാൻസ്, സ്പെയിൻ, ജർമനി ഇന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ 14 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇറ്റലിയിലെ ഇന്ത്യൻ എംബസി താൽക്കാലികമായി അടച്ചു. ഇറ്റലിയിലേക്കുള്ള വിമാനസർവീസുകൾ മാർച്ച് 28 വരെ എയർ ഇന്ത്യ നിർത്തിവച്ചിരിക്കുകയാണ്. തെക്കൻ കൊറിയയിലേക്കുള്ള സർവീസുകളും നിർത്തി. വിദ്യാർഥികൾ അടക്കമുള്ളവർക്ക് ഇറ്റലിയിൽ പരിശോധന നടത്തുന്നതിനുള്ള സൗകര്യമൊരുക്കും. പരിശോധനാഫലം നെഗറ്റീവായാൽ യാത്രാനുമതി നൽകാമെന്നും ഇന്ത്യയിലെത്തിയശേഷം 14 ദിവസം ക്വാറന്റൈൻ ചെയ്യാനും യോഗം തീരുമാനിച്ചു.