കണ്ണുള്ളവന്റെ അന്ധത ആരു മാറ്റും : അന്ധയായ സ്ത്രീയിൽ നിന്ന് ലോട്ടറി ടിക്കറ്റുകൾ ബൈക്കിലെത്തിയാൾ തട്ടിയെടുത്തു
സ്വന്തം ലേഖകൻ
പെരുമ്പാവൂർ: അന്ധയായ സ്ത്രീയിൽ നിന്ന് ലോട്ടറി ടിക്കറ്റുകൾ ബൈക്കിലെത്തിയാൾ തട്ടിയെടുത്തു. വഴിയരികിൽ ലോട്ടറി വിൽപന നടത്തുന്ന ലിസി ജോസിന്റെ ലോട്ടറിയാണ് തട്ടിയെടുത്തത്. പിപി റോഡിൽ ഓണംകുളത്തിനും മേപ്രത്തുപടിക്കുമിടയിലുള്ള റോഡിൽ രാവിലെ എട്ടിനാണ് സംഭവം.
ബൈക്കിലെത്തിയ ഒരാൾ ലിസിയിൽ നിന്ന് നോക്കട്ടെയെന്ന് പറഞ്ഞ് തന്ത്രപൂർവം ടിക്കറ്റുകൾ വാങ്ങി കടന്നു കളയുകയായിരുന്നു. ആരാണ് ടിക്കറ്റുകൾ തട്ടിയെടുത്തതെന്ന് അറിയില്ലെന്ന് ലിസി പറഞ്ഞു.4800 രൂപ വില വരുന്ന 122 ലോട്ടറി ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. പുറംമ്പോക്കിൽ താമസിക്കുന്ന ലിസിയുടെ ഏക ജീവിത മാർഗം ലോട്ടറി വിൽപന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് രണ്ടാം തവണയാണ് ലിസി കബളിപ്പിക്കപ്പെടുന്നത്. ആറ് മാസം മുമ്പ് സമാനമായ രീതിയിൽ ഒരാൾ ടിക്കറ്റുകൾ തട്ടിയെടുത്തിരുന്നു. പൊലീസിൽ വിവരമറിയിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞെത്തിയ മേപ്രത്തുപടി തുണ്ടത്തിൽ ഏജൻസീസ് ഉടമ രാജു തുണ്ടത്തിൽ ലിസിയ്ക്ക് പുതിയ ടിക്കറ്റുകൾ വാങ്ങാനായി 4000 രൂപ നൽകി.