ചെങ്ങളം സ്വദേശികൾ അടക്കം നാലു പേർക്ക് കോട്ടയത്ത് കൊറോണ ബാധ സ്ഥിരീകരിച്ചു; ഒൻപതു പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ; 167 പേർ വീടുകളിൽ കഴിയുന്നു
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണ ബാധിച്ച റാന്നിയിലെ കുടുംബത്തെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ച ചെങ്ങളം സ്വദേശികൾ അടക്കം നാലുപേർക്കു ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ കോട്ടയത്തുനിന്നുള്ള രണ്ടു പേർക്കും കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിൽനിന്നും
ഇവിടെ എത്തിച്ച ഇവരുടെ രണ്ടു ബന്ധുക്കൾക്കും രോഗം സ്ഥിരീകരിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പത്തുപേരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ നിർത്തിയിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്നയാളെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. തൊടുപുഴ സ്വദേശിയായ യുവാവിനെയും കുവൈറ്റിൽനിന്നു വന്ന തിരുവാർപ്പ് സ്വദേശിനിയെയും കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഒൻപതായി. കോട്ടയം ജനറൽ ഒരാൾ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമയാി 167പേർ വീടുകളിൽ നീരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട(പ്രൈമറി കോൺടാക്ട്‌സ്) ഉൾപ്പെടെ 76 പേർക്ക് ആരോഗ്യ വകുപ്പ് ഹോം ക്വാറന്റയിൻ നിർദേശിച്ചു.
ഇതോടെ ജില്ലയിൽ ജനസമ്പർക്കമില്ലാതെ വീടുകളിൽ കഴിയുന്നവരുടെ എണ്ണം 167 ആയി. പ്രൈമറി കോൺടാക്ട്‌സ് പട്ടികയിൽപെട്ടവരുമായി ഇടപഴകിയവരെ(സെക്കൻഡറി കോൺടാക്ട്‌സ്) കണ്ടെത്തുന്നതിന് ഊർജ്ജിത ശ്രമം ആരംഭിച്ചു.
ഇതിനായി മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള ഏഴു സംഘങ്ങൾ പ്രവർത്തനമാരംഭിച്ചു. ഇങ്ങനെ കണ്ടെത്തുന്നവർക്കും ഹോം ക്വാറന്റയിൻ നിർദേശിക്കും.
കോട്ടയം ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ, പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി. ജനങ്ങൾ ആശങ്കപ്പെടേണ്ട സ്ഥിതി നിലവിലില്ലെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ല സജ്ജമാണൈന്നും ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും ഐസോലേഷൻ വിഭാഗം വിപുലീകരിച്ചു. മറ്റ് ജനറൽ, താലൂക്ക് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഐസൊലേഷൻ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.