നടിയെ ആക്രമിച്ച കേസിൽ നടി ഭാമയെ ഇന്നു വിസ്തരിക്കും
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി ഭാമയെ ഇന്നു വിസ്തരിക്കും. മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, റിമി ടോമി എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ കോടതിയിൽ സാക്ഷി പറയാനെത്തിയിരുന്നു. പ്രത്യേക കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിന്റെ വിസ്താരം നടക്കുന്നത്.
കേസിൽ ഇന്നലെ സാക്ഷിപറഞ്ഞ നടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹിയുമായ ഇടവേള ബാബു കൂറുമാറിയിരുന്നു. കേസിൽ പ്രതിയായ നടൻ ദിലീപ് അവസരങ്ങൾ ഇല്ലാതാക്കുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതി ഉന്നയിച്ചിരുന്നുവെന്ന മൊഴിയാണ് ഇടവേള ബാബു മാറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിലെ എട്ടാം പ്രതിയായ ദീലീപ് തന്റെ സിനിമാ ആവസരങ്ങൾ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ബാബുവിന്റെ മുൻ മൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നെന്നും മൊഴിയിലുണ്ടായിരുന്നു. എന്നാൽ അങ്ങനെയൊരു പരാതിയെക്കുറിച്ച് ഓർക്കുന്നില്ലെന്നായിരുന്നു വിസ്താരത്തിനിടെ ബാബു പറഞ്ഞത്.
നടിയെ ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായതിന് ശേഷം ദിലീപിനെ ‘അമ്മ’ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം തിരിച്ചെടുക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാർ സംഘടനയിൽനിന്ന് രാജിവച്ചിരുന്നു.