പാലായിൽ വയോധികയുടെ മാല മോഷ്ടിച്ചത് കൊച്ചുമകനും ഭാര്യയും: കൊച്ചുമകൻ മാല മോഷ്ടിച്ച; ഭാര്യ സ്വർണം വിൽക്കാൻ സഹായിച്ചു: ഇരുവരും പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: പാലായിൽ ഉരുളിക്കുന്നത് കാറിലെത്തി വയോധികയുടെ മാല മോഷ്ടിച്ചത് ഇവരുടെ കൊച്ചമകനും ഭാര്യയും ചേർന്നെന്നു പൊലീസ്. കൊച്ചുമകൻ വല്യമ്മയുടെ മാല മോഷ്ടിച്ചപ്പോൾ, മാലയുമായി എത്തിയ ഭർത്താവിനെ സഹായിച്ച ഭാര്യ മാല വിറ്റു നൽകുകയായിരുന്നു. ഇരുവരും മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിയിലായി. സംഘത്തിലെ ഒരാൾ രക്ഷപെട്ടു. മോഷണത്തിന് ഇരയായ വയോധികയുടെ മകളുടെ മകനും, ഇയാളുടെ ഭാര്യയുമാാണ് പൊലീസ് പിടിയിലായത്.
പാലാ മുരിക്കുംപുഴ കിഴക്കേപ്പറമ്പിൽ സച്ചിൻസാബു(23)വും സ്വർണ്ണം കോട്ടയത്ത് വിൽക്കാൻ സഹായിച്ച ഭാര്യ അഖില എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പൊലീസിന്റെ തിരച്ചിലിനിടെ കാറുമായി ഒപ്പമുണ്ടായിരുന്ന യുവാക്കളിൽ ഒരാൾ രക്ഷപെടുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ കുരുവിക്കൂട് – കുറ്റിപ്പൂവം റോഡിലെ വീട്ടുമുറ്റത്തായിരുന്നു കേസിനാസ്പദമായ സംഭവം. ഇവരുടെ വീട്ടുമുറ്റത്ത് കാറിലെത്തിയ സംഘം, ഈരയിൽ മേരിയുടെ മൂന്നുപവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുത്ത ശേഷം രക്ഷപെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടിനടുത്ത് കാർ നിർത്തിയതിനു ശേഷം ഇറങ്ങിവന്ന യുവാവ് ടിവി നന്നാക്കാനാണെന്ന വ്യാജേനെ സമീപിക്കുകയാിയരുന്നു. തുടർന്നാണ്, വയോധികയുടെ മാലയുമായി കവർന്നത്. എഴുപത് വയസ് പ്രായമുള്ള മേരിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുത്ത സംഘം, തടയാൻ എത്തിയ നാട്ടുകാർക്കു നേരെ കാർ ഓടിച്ചു കയറ്റിയ ശേഷമാണ് രക്ഷപെട്ടത്.
സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാർ കാറിന്റെ നമ്പർ ശേഖരിച്ച ശേഷം ഉടൻ തന്നെ പൊലീസിനു കൈമാറി. തുടർന്നു ജില്ലയിൽ മുഴുവൻ പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ കുറവിലങ്ങാട് പൊലീസ് സറ്റേഷൻ പരിധിയിൽ വച്ചു പൊലീസ് സംഘം കാർ കണ്ടെത്തി. തുടർന്ന് അരമണിക്കൂറോളം കാറിനെ പിൻതുടർന്ന പൊലീസ് സംഘം, മോഷ്ടാക്കളെ കുടുക്കുകയായിരുന്നു.
പാലായിൽ മാല മോഷ്ടിച്ച സംഘത്തിന്റെ കാറിന്റെ നമ്പർ സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടതോടെ, കാറിന്റെ ഉടമ പരാതിയുമായി കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ എത്തി. വാടകയ്ക്ക് നൽകിയ കാർ തിരികെ കിട്ടിയില്ലെന്ന് കാട്ടിയാണ് കുറവിലങ്ങാട് കുര്യനാട് സ്വദേശി പരാതി നൽകിയത്. കസ്റ്റഡിയിലെടുത്ത പ്രതിയുടെ പേരിൽ കാർ തട്ടിയെടുത്തതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊൻകുന്നം പോലീസ് എസ്.ഐ.രാജുവിന്റെ നേതൃത്വത്തിൽ സംഭവ സ്ഥലത്തെത്തി മാലമോഷണക്കേസിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. മാലവിറ്റ കോട്ടയത്തെ ഒരു സ്വർണ്ണക്കടയിലും തെളിവെടുപ്പ് നടത്തി.
കുറവിലങ്ങാട് പോലീസ് എട്ടുകിലോമീറ്ററിലേറെ കാറിനെ പിന്തുടർന്നാണ് പ്രതികളെ പിടികൂടിയത്. അമിതവേഗത്തിലോടിയ കാർ കുറുപ്പന്തറ റെയിൽവേ ക്രോസിൽ വെച്ചാണ് തടഞ്ഞ് സച്ചിനെ കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന രാമപുരം സ്വദേശി വിഷ്ണു പ്രകാശ് ഓടി രക്ഷപെട്ടു. മാല കൈക്കലാക്കി മണിക്കൂറുകൾക്കകം ഇവർ കോട്ടയത്തെ ജൂവലറിയിൽ വിറ്റതായാണ് അറിവ്. ഇതിന് സഹായിച്ചതിനാണ് സച്ചിന്റെ ഭാര്യ അഖിലയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇരുവരും പ്രേമിച്ച് വിവാഹം കഴിച്ചതാണ്. വാടകയ്‌ക്കെടുത്ത കാറിന് പെട്രോൾ നിറച്ച എറണാകുളത്തെ പമ്പിൽ പണം കൊടുക്കാതെ കടന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നിരവധിക്കേസുകളിൽ പ്രതിയായ സച്ചിൻ വീട്ടിൽ നിന്നും അകന്നു കഴിയുകയാണ്.