ഭാരത് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാറുമായി കടന്നത് എറണാകുളത്തു നിന്നുള്ള സംഘം: കാറിലുണ്ടായിരുന്ന യുവതി മോഷണ സംഘാംഗത്തിന്റെ ഭാര്യ; പ്രതികൾ കാറുമായി ഇടുക്കിയിൽ എത്തിയെന്നു പൊലീസ്
എ.കെ ജനാർദനൻ
കോട്ടയം: ഭാരത് ആശുപത്രിയിലെ ഡോക്ടറുടെ കാറുമായി കടന്നത് എറണാകുളത്തു നിന്നുള്ള സംഘമെന്നു പൊലീസ്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കാർ മോഷണത്തിനു പിന്നിലെ എറണാകുളം സംഘത്തെപ്പറ്റി വിവരം ലഭിച്ചത്. നാലംഗ സംഘത്തിലുണ്ടായിരുന്ന യുവതി പ്രതികളിൽ ഒരാളുടെ ഭാര്യയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഭാരത് ആശുപത്രിയുടെ കാർ പോർച്ചിൽ നിന്നും ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ ഷെറിന്റെ കാർ മോഷണം പോയത്. ഡോക്ടറുടെ മകളെ ട്യൂഷനു വിടാനായാണ് കാറെന്നു സെക്യൂറിറ്റി ജീവനക്കാരെ തെറ്റിധരിപ്പിച്ചെത്തിയ സംഘമാണ് കാറുമായി കടന്നത്. സംഭവത്തെ തുടർന്നു പൊലീസ് അന്വേഷണം നടത്തിയപ്പോൾ കാർ കഞ്ഞിക്കുഴി ഭാഗത്തേയ്ക്കു പോകുന്നതായി കണ്ടെത്തിയിരുന്നു. ഇതിനു ശേഷം കാറിന്റെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കാർ ഇടുക്കി ഭാഗത്തുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാലംഗ സംഘത്തിലെ പ്രധാനി എറണാകുളം സ്വദേശിയാണെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഇയാൾ മുൻപും വാഹന മോഷണം അടക്കമുള്ള കേസുകളിൽ പ്രതിയാണ്. ഇയാൾക്കൊപ്പമുള്ള രണ്ടു പേർ മുൻപ് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ കോട്ടയം സ്വദേശികളാണ്. ഇവരിൽ ഒരാളുടെ ഭാര്യയാണ് കാറിനു മുൻ സീറ്റിലിരുന്ന യുവതിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ഇവർ കഞ്ചാവ് കടത്താനായിട്ടാണ് കാർ തട്ടിയെടുത്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഡോക്ടറുടെ സിംബൽ കാറിലുണ്ട്. ഈ സിംബൽ ഉള്ളതിനാൽ ആരും സംശയിക്കില്ലെന്നു പ്രതികൾ ധരിച്ചിട്ടുണ്ട്. ഇത് കൂടാതെ ചെക്ക് പോസ്റ്റുകളിൽ പരിശോധന ഒഴിവാക്കാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതികളുടെ കണക്കു കൂട്ടൽ. കാർ ഇടുക്കി ഭാഗത്തുണ്ടെന്ന സൂചന ലഭിച്ച സാഹചര്യത്തിൽ വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇടുക്കിയിലേക്ക് തിരിച്ചിട്ടുണ്ട്.