വിലങ്ങിടാൻ വിസമ്മതിച്ച് പ്രതി: കൊലക്കേസിന്റെ വിചാരണ മുടങ്ങി; കൊലക്കേസ് വിധി പറയുന്നത് വ്യാഴാഴ്ചത്തേയ്ക്കു മാറ്റി വച്ച് കോടതി
സ്വന്തം ലേഖകൻ
കോട്ടയം: കൊല്ലക്കേസിന്റെ വിചാരണയ്ക്കായി ജയിലിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറാകാതെ, വിലങ്ങു വയ്ക്കാൻ സമ്മതിക്കാതെ മാനസിക രോഗം അഭിനയിച്ച് ജയിലിനുള്ളിൽ പ്രതിയുടെ നാടകം. പ്രതിയുടെ നാടകം ഏറ്റതോടെ കേസിന്റെ വിചാരണ പൂർത്തിയാക്കി വിധി പറയുന്നത് കോടതി മാറ്റി വച്ചു. തൃശൂർ വിയ്യൂരിൽ നിന്നും കോട്ടയത്തേയ്ക്കു കൊണ്ടു വരാതിരിക്കാനാണ് പ്രതി കോടതിയിൽ നാടകമിറക്കിയത്.
അഞ്ചു വർഷം മുൻപ് നാഗമ്പടം ബസ് സ്റ്റാൻഡിനുള്ളിൽ അയർക്കുന്നം സ്വദേശി രാജേഷിനെ (ഷാജി) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജയിലിനുള്ളിൽ ഗുണ്ടായിസവുമായി പൊലീസുകാരെയും ജയിൽ ജീവനക്കാരെയും വിറപ്പിച്ചത്. നിരവധി കേസുകളിൽ പ്രതിയായ ഇടുക്കി രാജാക്കാട് വില്ലേജ് രാജാക്കാട് കരയിൽ പൊൻമുടി പാറമട ഭാഗത്ത് കളപ്പുരയ്ക്കൽ വീട്ടിൽ ജോമോനാണ് ജയിലിൽ നിന്നും പുറത്തിറങ്ങാൻ വിസമ്മതിച്ചത്. ജയിലിൽ നിന്ന് ഇറങ്ങില്ലെന്നും, വിലങ്ങണിയില്ലെന്നും വാശിപിടിച്ച പ്രതി മാനസിക രോഗമാണെന്ന് അഭിനയിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിൽ സെഷൻസ് കോടതി ജഡ്ജി സുജയമ്മ ബുധനാഴ്ച വിധിപറയാനിരിക്കെയാണ് പ്രതിയുടെ നാടകം. ഇതേ തുടർന്ന് കേസിൽ വിധി പറയുന്നത് വ്യാഴാഴ്ചത്തേയ്ക്കു മാറ്റി വച്ചു. കോടതിയിലേയ്ക്കു പ്രതിയെ കൊണ്ടു വരുന്നതിനായി രണ്ടു പൊലീസുകാർ വിലങ്ങുമായി ജയിലിൽ എത്തി. ജയിലിലെ സെല്ലിൽ നിന്നും പുറത്തിറങ്ങാൻ പ്രതി തയ്യാറായില്ല. തുടർന്ന്, ഇയാൾ സെല്ലിൽ തലയിട്ട് അടിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ പൊലീസുകാരും ജയിൽ ജീവനക്കാരും ചേർന്ന് ബലം പ്രയോഗിച്ച് പുറത്തിറക്കി.
വിലങ്ങ് വയ്ക്കാൻ ശ്രമിച്ചെങ്കിലും കുതറിമാറുകയും, ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. വിലങ്ങ് വലിച്ചെറിയാനും പൊലീസുകാരെ ആക്രമിക്കാനും ശ്രമിച്ച ഇയാളെ ജയിൽ അധികൃതരും, പൊലീസുകാരും ചേർന്ന് പണിപ്പെട്ടാണ് കീഴടക്കിയത്. ഇതോടെ പ്രതിയെ ഹാജരാക്കാൻ സാധിക്കില്ലെന്ന്, ജയിൽ അധികൃതരും പൊലീസും കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന്, വിചാരണ നടപടികൾ കോടതി മാറ്റി വച്ചു.