video
play-sharp-fill
കേരളത്തിൽ നിന്ന് വാടകയ്ക്ക് എടുത്ത കാറുകൾ തീവ്രവാദികൾക്ക്: അൽ ഉമ്മ നേതാവ് തൊപ്പി റഫീഖ് കോട്ടയത്ത് പിടിയിൽ; പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്ന് സാഹസികമായി

കേരളത്തിൽ നിന്ന് വാടകയ്ക്ക് എടുത്ത കാറുകൾ തീവ്രവാദികൾക്ക്: അൽ ഉമ്മ നേതാവ് തൊപ്പി റഫീഖ് കോട്ടയത്ത് പിടിയിൽ; പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്ന് സാഹസികമായി

സ്വന്തം ലേഖകൻ

 

കോട്ടയം: വർഷങ്ങളായി കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് നൂറ് കണക്കിന് ആഡംബര വാഹനങ്ങൾ കടത്തിയ അൽ ഉമ്മ തീവ്രവാദി ഭായി റഫീഖ് എന്ന തൊപ്പി റഫീഖിനെ വെസ്റ്റ് പൊലീസ് പിടികൂടി. 1998 ഫെബ്രുവരി 14 ലെ കോയമ്പത്തൂർ ബോംബ് സ്‌ഫോടനത്തിൽ 60 പേർ കൊല്ലപ്പെട്ട കേസിലെ പ്രതിയും , നിരോധിത അൽ ഉമ്മ തീവ്രവാദിയുമാണ് റഫീഖ്. കേസിൽ റഫീഖിന്റെ സഹോദരനും അൽ ഉമ്മ കമാൻഡറുമായ മുജീർ ശിക്ഷാ കാലയളവിൽ ജയിലിൽ വച്ച് മരണം അടഞ്ഞിരുന്നു. സ്‌ഫോടനം നടത്തുന്നതിനായി കൊണ്ടുവന്ന ബോംബ് കോയമ്പത്തൂർ ഉക്കടത്തുള്ള റഫീഖിന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.

 

 

 

ഈ കേസിൽ ജയിലിൽ പോയ റഫീഖ് , 2007 – 2008 കാലയളവിലാണ് ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയത്. തുടർന്ന് , വാടാനപ്പള്ളി സ്വദേശി ഇല്യാസ് , ആലുവ സ്വദേശി നിഷാദ് , പത്തനംതിട്ട സ്വദേശി ശിവശങ്കരപിള്ള തുടങ്ങിയ ഏജന്റുമാർ മുഖേന വർഷങ്ങളായി നൂറ് കണക്കിന് കാറുകളാണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായി തമിഴ്നാട്ടിലേക്ക് കടത്തിയിരുന്നത്. വർഷങ്ങളായി കേരള പൊലീസ് ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. ഇപ്പോഴാണ് ഇയാളെ പിടികൂടാൻ സാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

വണ്ടി തമിഴ്‌നാട്ടിൽ എത്തിയാൽ ഉടൻ എൻജിൻ നമ്പരും ചേസിസ് നമ്പരും മാറ്റിയ ശേഷം പൊളിച്ച് മറ്റ് സ്ഥലങ്ങളിലേയ്ക്ക് കടത്തുകയാണ് പതിവ്. ഇന്നോവ , എർട്ടിഗ , എക്‌സ് യു വി തുടങ്ങി ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങളാണ് തമിഴ്‌നാട്ടിലേയ്ക്ക് കടത്തിയത്. കോട്ടയത്ത് നിന്ന് റിട്ട. എസ്.ഐയുടെ ഇന്നോവാ കാർ കടത്തിയതുമായി ബന്ധപ്പെട്ട് വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

 

 

 

കോട്ടയം ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശപ്രകാരം കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ , കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടർന്ന് , പാലക്കാടും കോയമ്പത്തൂരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോയമ്പത്തൂർ ഉക്കടത്തെ താമസ സ്ഥലത്ത് നിന്നാണ് പിടികൂടിയത്. ഇയാളെ പിടികൂടിയതറിഞ്ഞ് പ്രതിയുടെ അനുയായികൾ സംഭവസ്ഥലത്ത് തടിച്ച് കുടിയെങ്കിലും സാഹസികമായി പൊലീസ് സംഘം വാഹനം ഓടിച്ച് പ്രതിയെയുമായി കേരളത്തിലേയ്ക്ക് പോരുകയായിരുന്നു.

 

 

 

 

കോഴിക്കോട് കസബ സ്റ്റേഷൻ പരിധിയിൽ നിന്ന് ഇന്നോവ , പിറവം സ്റ്റേഷൻ പരിധിയിൽ നിന്ന് ബെലാനോ , പെരിന്തൽമണ്ണയിൽ നിന്ന് എർട്ടിഗ ,നെടുമ്പാശേരിയിൽ നിന്ന് ഇന്നോവ, വർക്കലയിൽ നിന്ന് എക്‌സ് യു വി , മാളയിൽ നിന്ന് ബുള്ളറ്റ് , ശ്രീകണ്ഢപുരത്ത് നിന്ന് ഇന്നോവ , ആലുവയിൽ നിന്ന് എർട്ടിഗ , എറണാകുളം സെൻട്രലിൽ നിന്ന് ഇന്നോവ , കരിങ്കുന്നത്ത് നിന്ന് പിക്കപ്പ് , കാളിയാറിൽ നിന്ന് ഇയോൺ , കോഴിക്കോട് നടക്കാവ് നിന്ന് ഇന്നോവ , ആലുവയിൽ നിന്ന് ഇന്നോവ , കണ്ണൂർ ആലംകോട് നിന്ന് സ്വിഫ്റ്റ് എന്നീ വാഹനങ്ങളാണ് പ്രതികൾ ഭായി റഫീഖിന് കൈ മാറിയത് എന്ന് പൊലീസ് കണ്ടെത്തി. കണ്ണൂർ കോഴിക്കോട് ഭാഗങ്ങളിൽ നിന്ന് മുപ്പതോളം വാഹനങ്ങൾ ഇത്തരത്തിൽ കടത്തിയതിനും റഫീഖിനെതിരെ കേസുണ്ട്.

 

 

 

 

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിലേറെ വാഹനങ്ങളാണ് ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയത്. കോയമ്പത്തൂർ കുനിയ മുത്തൂർ പൊലീസ് സറ്റേഷന്നിൽ പ്രധാനമന്ത്രിയെ വധിക്കും എന്ന് ഭീഷണിപ്പെടുത്തിയതിനും റഫീഖിനെതിരെ കേസ് നിലവിലുണ്ട്. കേരളത്തിൽ നിന്ന് മുൻപ് പല തവണ റഫീഖിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് പല തവണ കോയമ്പത്തൂരിൽ എത്തിയെങ്കിലും ഇയാളുടെ അനുയായികൾ തടഞ്ഞ് മടക്കി അയക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് പൊലീസ് ഇയാളെ പിടികൂടാൻ കോയമ്പത്തൂർ പൊലീസിന്റെ സഹായം തേടിയിരുന്നു. ഇവർ സഹകരിക്കാൻ തയ്യാറായില്ല. ഇവർ റഫീഖിനെ ഭയപ്പെട്ടാണ് കഴിഞ്ഞിരുന്നത്. തുടർന്നാണ് കോയമ്പത്തൂർ പൊലീസിന്റെ യാതൊരു സഹായവുമില്ലാതെയാണ് വെസ്റ്റ് പൊലീസ് ഇയാളെ സാഹസികമായി അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ വെസ്റ്റ് പ്രിൻസിപ്പൽ എസ്.ഐ ടി. ശ്രീജിത്ത് , എ.എസ് ഐ പി.എൻ മനോജ് , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജീവ് ടി.ജെ , സുദീപ് സി , സിവിൽ പൊലീസ് ഓഫിസർമാരായ കെ ആർ ബൈജു , വിഷ്ണു വിജയദാസ് എന്നിവർ ഉണ്ടായിരുന്നു.

 

 

 

 

നേരത്തെ കേസിൽ തൃശൂർ വാടനപ്പള്ളി ഗണേശമംലഗം പുത്തൻവീട്ടിൽ അബ്ദുൾ റസാഖിന്റെ മകൻ ഇല്യാസ് (37), എറണാകുളം ആലുവ യു.സി കോളേജ് ചെറിയംപറമ്പിൽ വീട്ടിൽ അബുവിന്റെ മകൻ കെ.എ നിഷാദ് (37) എന്നിവരെ പിടികൂടിയിരുന്നു.ഇല്യാസിന്റ പേരിൽ , കേരളത്തിൽ നിരവധി വാഹനക്കവർച്ച കേസുകളും ,റഫീഖിന്റെ സഹായത്തോടെ ലക്ഷങ്ങളുടെ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസും നിലവിലുണ്ട്. നിഷാദ് സുൽത്താൻ ബത്തേരിയിൽ കുഴൽപ്പണ കടത്തിലെ കേരളത്തിലെ പ്രധാന കണ്ണിയാണ്. സുൽത്താൻ ബത്തേരി, അങ്കമാലി , ആലുവ എറണാകുളം സെൻട്രൽ തുടങ്ങിയ സ്ഥലങ്ങളിൽ നിഷാദിനെതിരെ കേസുണ്ട്. ഇരുവരും ഇപ്പോൾ റിമാൻഡിലാണ്.