പുരുഷൻമാരെ വന്ധ്യംകരിക്കണമെന്ന ഉത്തരവ് പിൻവലിച്ച് കമൽനാഥ് സർക്കാർ: വിവിധ മേഖലകളിൽ നിന്നുമുയർന്ന ശക്തമായ എതിർപ്പിനെ തുടർന്നാണ് നടപടി
സ്വന്തം ലേഖകൻ
ഭോപാൽ: പുരുഷൻമാരെ വന്ധ്യംകരിക്കണമെന്ന് പുരുഷ ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകിയ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് വിവിധ മേഖലകളിൽ നിന്നുമുയർന്ന ശക്തമായ എതിർപ്പിനെ തുടർന്ന് ഉത്തരവ് പിൻവലിച്ചു.
മാർച്ച് അവസാന ആഴ്ചയാകുമ്പോഴേക്കും ഒരോ പുരുഷ ആരോഗ്യപ്രവർത്തകരും ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണമെന്നും അല്ലെങ്കിൽ നിർബന്ധിത വിരമിക്കലിന് തയാറാകണമെന്നുമായിരുന്നു ഉത്തരവ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബാസൂത്രണ പരിപാടിയിൽ പുരുഷന്മാരുടെ പങ്കാളിത്വം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 11ന് മധ്യപ്രദേശ് നാഷണൽ ഹെൽത്ത് മിഷൻ ഒരു വിജ്ഞാപനം ഇറക്കിയിരുന്നു. സംസ്ഥാനത്ത് വന്ധ്യംകരണത്തിന് വിധേയരാകുന്ന പുരുഷന്മാരുടെ എണ്ണം വളരെ കുറഞ്ഞുവരുന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നാഷണൽ ഹെൽത്ത് മിഷൻ എത്തിയതെന്നാണ് സർക്കാർ വിശദീകരണം.
കുടുംബാസൂത്രണ പദ്ധതി പ്രകാരം അഞ്ച് മുതൽ 10 വരെ പുരുഷന്മാരുടെ വന്ധ്യംകരണം ഉറപ്പുവരുത്തേണ്ടത് ഓരോ ആരോഗ്യപ്രവർത്തകന്റെയും ഉത്തരവാദിത്വമാണ്. ഇതിനായി നിശ്ചിത സമയം നൽകിയിട്ടുണ്ട്.
ഇതുപ്രകാരം 2019 -20 കാലയളവിൽ ഒരാളെ പോലും വന്ധ്യംകരണത്തിന് വിധേയരാക്കാൻ സാധിക്കാത്തവരുടെ ഒരുമാസത്തെ ശമ്ബളം പിടിച്ചുവെക്കുമെന്നും അല്ലെങ്കിൽ നിർബന്ധിത വിരമിക്കലിന് തയ്യാറെടുത്തുകൊള്ളാനുമാണ് എൻ.എച്ച്.എം ഡയറക്ടർ പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ വിശദീകരിക്കുന്നത്.