ആത്മ ചലച്ചിത്ര മേളയ്ക്ക് ഇനി രണ്ടു ദിവസം: ഒരുക്കങ്ങൾ പൂർത്തിയായി: ഡെലിഗേറ്റ് പാസ് വിതരണം അന്തിമഘട്ടത്തിൽ
സ്വന്തം ലേഖകൻ
കോട്ടയം : ആത്മയുടെ നേതൃത്വത്തിലുള്ള ആറാമത് ചലച്ചിത്രമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. രണ്ടു ദിവസം മാത്രം ശേഷിയ്ക്കെ മേളയ്ക്കായി കോട്ടയം നഗരം ഒരുങ്ങിക്കഴിഞ്ഞു. മേളയ്ക്ക് മുന്നോടിയായി , വിവിധ സ്ഥലങ്ങളിൽ സെമിനാറുകളും പരിപാടികളും നടന്നിരുന്നു. അനശ്വര തീയറ്ററിൽ, ഫെസ്റ്റിവലിന്റെ കമാനം തയ്യാറാക്കിയിട്ടുണ്ട്. ഇത് കൂടാതെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
അനശ്വര തീയറ്ററിലെ സ്വാഗത സംഘം ഓഫിസിൽ ഡെലിഗേറ്റ് പാസ് വിതരണം അന്തിമ ഘട്ടത്തിലാണ്. ആയിരങ്ങളാണ് ഇതിനോടകം പാസ് വാങ്ങി ചലച്ചിത്ര മേളയുടെ ഭാഗമായത്. 300 രൂപ മുടക്കിയാൽ അഞ്ചു ദിവസം കൊണ്ട് 25 സിനിമകൾ കാണാൻ സാധിക്കുമെന്നതാണ് പ്രത്യേകത. പ്രായപൂർത്തിയായവർക്ക് മാത്രമാണ് സിനിമയിലേയ്ക്ക് പ്രവേശനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
21 ന് വൈകിട്ട് അഞ്ചിന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മേള ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമൽ, സംവിധാകരായ സിബി മലയിൽ, ബീനാ പോൾ എന്നിവർ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഓസ്‌കർ പുരസ്‌കാരം നേടിയ കൊറിയൻ ചിത്രം പാരസൈറ്റ് പ്രദർശിപ്പിക്കും.
ചലച്ചിത്ര മേളയുടെ ഭാഗമായി വിവിധ ദിവസങ്ങളിൽ ചലച്ചിത്ര പ്രതിഭകൾ കോട്ടയത്തെത്തും. 22 ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് പങ്കെടുക്കും.
25 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഷാങ്ഹായ് ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ വെയിൽ മരങ്ങളുടെ സംവിധായകൻ ഡോ.ബിജുവും, നിർമ്മാതാവ് ബേബി മാത്യു സോമതീരവും, ചിത്രത്തിലെ പ്രധാന താരങ്ങളായ ഇന്ദ്രൻസും, നായകൻ മാസ്റ്റർ ഗോവർധനും എത്തും. എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയാവും. സാഹിത്യകാരി കെ.ആർ മീര മുഖ്യ പ്രഭാഷണം നടത്തും.