പനച്ചിക്കാട്ടെ ട്രാക്ടർ അപകടം: മരിച്ച രണ്ടു പേരുടെയും സംസ്‌കാരം ശനിയാഴ്ച; പോസ്റ്റ്‌മോർട്ടം രാവിലെ നടക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പനച്ചിക്കാട് ചോഴിയക്കാട് കൃഷിയ്ക്കായി പാടശേഖരം ഒരുക്കുന്നതിനിടെ ട്രാക്ടർ തലകീഴായി മറിഞ്ഞ് മരിച്ച രണ്ടു പേരുടെയും സംസ്‌കാരം ശനിയാഴ്ച നടക്കും. ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. ഇതിനു ശേഷമാവും സംസ്‌കാരം നടക്കുക. മൃതദേഹങ്ങൾ രാത്രിയിൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കൃഷിയ്ക്കായി പാടശേഖരം ഒരുക്കുന്നതിനിടെ പനച്ചിക്കാട് ചോഴിയക്കാട്ട് ട്രാക്ടർ മറിഞ്ഞ് അയ്മനം പുലിക്കുട്ടിശേരി മുട്ടേൽ ലക്ഷം വീട് കോളനിയിൽ ശശി (മോനി – 56), നീലിമംഗലം ചാരംകുളങ്ങര വീട്ടിൽ ഷിനു (മണിക്കുട്ടൻ – 38) എന്നിവർ മരിച്ചത്. പാടശേഖരം കൃഷിയ്ക്കായി ഒരുക്കുന്നതിനിടെ പുല്ലിൽ കയറിയ ട്രാക്ടർ തലകീഴായി മറിയുകയായിരുന്നു. ഇരുവരും ട്രാക്ടറിന് അടിയിൽ കുടുങ്ങിയാണ് ദാരുണമായി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്ന് അരമണിക്കൂറോളം പരിശ്രമിച്ചാണ് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. തുടർന്ന്, മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ഇരുവരുടെയും സംസ്‌കാരം ശനിയാഴ്ച നടക്കും. മരിച്ച ശശിയുടെ സംസ്‌കാരം ശനിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും. മണിക്കുട്ടന്റെ സംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.

ശശിയുടെ ഭാര്യ രാധ. മക്കൾ – രജിത, രജീഷ്, മഞ്ജു.
മണിക്കുട്ടന്റെ ഭാര്യ സൗമ്യ. മക്കൾ – ശ്രീദേവി, ശ്രീലാൽ.