video
play-sharp-fill
കോടിമത നാലുവരിപ്പാതയിൽ വീണ്ടും അപകടം: ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ കാർ നിർത്താതെ പോയി; അപകടത്തിൽ പരിക്കേറ്റ യാത്രക്കാരൻ റോഡിൽ വീണ് കിടന്നത് പതിനഞ്ചു മിനിറ്റോളം; കാർ യാത്രക്കാരിൽ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി

കോടിമത നാലുവരിപ്പാതയിൽ വീണ്ടും അപകടം: ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ കാർ നിർത്താതെ പോയി; അപകടത്തിൽ പരിക്കേറ്റ യാത്രക്കാരൻ റോഡിൽ വീണ് കിടന്നത് പതിനഞ്ചു മിനിറ്റോളം; കാർ യാത്രക്കാരിൽ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി

സ്വന്തം ലേഖകൻ

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ അമിത വേഗത്തിൽ നിർത്താതെ ഓടിച്ചു പോയി. കാറിടിച്ചു വീഴ്ത്തിയ യാത്രക്കാരൻ പതിനഞ്ചു മിനിറ്റോളം നടുറോഡിൽ വീണു കിടന്നു. അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ ഒരാൾ പോലും തയ്യാറായില്ല. പതിനഞ്ചു മിനിറ്റോളം റോഡിൽ കിടന്നയാളെ ഒടുവിൽ ഇതുവഴി എത്തിയ ആംബുലൻസിലാണ് ആശുപത്രിയിലാക്കിയത്.

അപകടത്തിൽ തലയ്ക്കു സാരമായി പരിക്കേറ്റ നാട്ടകം കാക്കൂർ പാലക്കുന്നേൽ പൊന്നപ്പന്റെ മകൻ അനീഷി(28)നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകട നിലതരണം ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കാർ യാത്രക്കാരനായ മറിയപ്പള്ളി സ്വദേശി ദീപുവിനെ (40) നാട്ടുകാർ പിടികൂടി ചിങ്ങവനം പൊലീസിനു കൈമാറി. രാത്രി വൈകി കാർ ഡ്രൈവർ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ ഹാജരായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ കോടിമത നാലുവരിപ്പാതയിൽ മണിപ്പുഴ ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും വരികയായിരുന്നു കാറും ബൈക്കും. മണിപ്പുഴയിലെ പെട്രോൾ പമ്പിനു സമീപത്തു കാർ നിർത്തിയ യാത്രക്കാർ ഇവിടെ ഭക്ഷണം കഴിക്കുന്നതിനായി പുറത്തിറങ്ങി. ദീപു ഹോട്ടലിനുള്ളിലേയ്ക്കു കയറി പോയി. ഈ സമയം ഡ്രൈവർ കാർ മുന്നോട്ടെടുക്കുകയായിരുന്നു.

കോട്ടയം ഭാഗത്തു നിന്നും ഈ സമയത്ത് എത്തിയ ബൈക്കിൽ കാറിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിൽ തെറിച്ചു വീണു. റോഡിൽ തലയിടിച്ചു വീണ ഇയാളെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. നാട്ടുകാർ ഓടിയെത്തിയത് കണ്ടതോടെ കാർ ഡ്രൈവർ ചിങ്ങവനം ഭാഗത്തേയ്ക്കു അമിത വേഗത്തിൽ കാറോടിച്ചു പോയി. അപകടം കണ്ടാണ് ദീപു ഹോട്ടലിനുള്ളിൽ നിന്നും ഓടിയെത്തിയത്. നാട്ടുകാർ ചേർന്ന് ദീപുവിനെ തടഞ്ഞു വച്ചു.

ഇതിനിടെ നിരവധി വാഹനങ്ങൾ എംസി റോഡ് വഴി കടന്നു പോയെങ്കിലും ഒരാൾ പോലും വാഹനം നിർത്തി അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. അൽപ സമയത്തിനു ശേഷം ഇതുവഴി എത്തിയ ആംബുലൻസിലാണ് പരിക്കേറ്റയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

നാട്ടുകാർ വിവരം കൈമാറിയത് അനുസരിച്ച് ചിങ്ങവനം പൊലീസ് എംസി റോഡിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെ എത്തിയ കാർ ഡ്രൈവർ പൊലീസിനു മുന്നിൽ ഹാജരാകുകയായിരുന്നു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.