പുല്ലിൽ കയറിയ ട്രാക്ടർ തലകീഴായി മറിഞ്ഞു: ട്രാക്ടറിനടിയിൽ ഡ്രൈവറും സഹായിയും കുടുങ്ങിക്കിടന്ന് അരമണിക്കൂർ; അഗ്നിരക്ഷാസേനയുടെ അവസാന ശ്രമത്തിനും ജീവൻ രക്ഷിക്കാനായില്ല; പനച്ചിക്കാട് ചോഴിയക്കാട് ട്രാക്ടർ മറിഞ്ഞ് അയ്മനം നീലിമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം
എ.കെ ശ്രീകുമാർ
കോട്ടയം: പുൽക്കൂട്ടത്തിൽ കയറിയ ട്രാക്ടർ തലകീഴായി മറിഞ്ഞ്, ചെളിയിൽ പുതഞ്ഞ് അരമണിക്കൂറോളം കിടന്ന ട്രാക്ടർ ഡ്രൈവർക്കും സഹായിക്കും ദാരുണാന്ത്യം. അയ്മനം പുലിക്കുട്ടിശേരി മുട്ടേൽ ലക്ഷം വീട് കോളനിയിൽ ശശി (മോനി – 56), നീലിമംഗലം ചാരംകുളങ്ങര വീട്ടിൽ ഷിനു (മണിക്കുട്ടൻ – 38) എന്നിവരാണ് ദാരുണമായി മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ ചാന്നാനിക്കാട് ചോഴിയക്കാട് കുന്നത്ത്കടവ് പനച്ചിയിൽക്കടവ് പാടശേഖരത്തിലെ വീപ്പനടിക്കടവിലായിരുന്നു അപകടം. ദിവസങ്ങളായി കൃഷിയ്ക്കായി പാടശേഖരം ഒരുക്കുന്ന ജോലികൾ ഇവിടെ നടക്കുകയായിരുന്നു. 35 വർഷത്തിലേറെയായി തരിശിട്ട് കിടന്ന പാടത്തെ പുല്ലുകൾ നീക്കിയ ശേഷം പാടം വൃത്തിയാക്കുകയായിരുന്നു. ആദ്യമായാണ് പാടശേഖരസമിതി നേതൃത്വത്തിൽ ഇവിടെ കൃഷിയിറക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസങ്ങളിൽ ജെസിബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് പുല്ല് നീക്കം ചെയ്തിരുന്നു. ഇതിനു ശേഷമാണ് ട്രാക്ടർ ഉപയോഗിച്ച് പുല്ല് നീക്കം ചെയ്ത് ഇവിടം വൃത്തിയാക്കുന്ന ജോലികൾ നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ പാടം വൃത്തിയാക്കിയ ശേഷം ട്രാക്ടർ കരയിലേയ്ക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെ ചെളിയിൽ താന്നു പോയി. ഇവിടെ നിന്നും ട്രാക്ടർ കയറ്റാൻ ശ്രമിച്ചപ്പോൾ വീണ്ടും പുതഞ്ഞു പോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതിനു ശേഷം മുന്നോട്ട് എടുത്ത ട്രാക്ടർ പുല്ലിന്റെ കെട്ടിൽ കയറുകയായിരുന്നു. മുന്നോട്ട് ആഞ്ഞു പോയ ട്രാക്ടർ പിന്നിലേയ്ക്കു തലകീഴായി മറിഞ്ഞു. അപകടത്തെ തുടർന്ന് ശശിയും, ഷിനുവും ട്രാക്ടറിന്റെ അടിയിലെ ചെളിയിൽ പൂണ്ടു പോയി.
പാടശേഖരത്തിനു നടുവിലായതിനാൽ അപകടം കണ്ടിട്ടും നാട്ടുകാർക്ക് ആർക്കും തന്നെ ആദ്യം ഇടപെടാൻ സാധിച്ചില്ല. തുടർന്ന്, ഇവർ കോട്ടയം അഗ്നിരക്ഷാസേനാ യൂണിറ്റിൽ വിവരം അറിയിച്ചു. ഇവർ എത്തി ചെളിയിൽ പാടശേഖരത്തിനു നടുവിലെത്തി മറ്റൊരു ട്രാക്ടർ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട ട്രാക്ടർ ഉയർത്തി. തുടർന്നു, മരണപ്പെട്ടവരെ രണ്ടു പേരെയും ചെളിയിൽ നിന്നും പുറത്ത് എത്തിക്കുകയായിരുന്നു. മൃതദേഹങ്ങൾ ജനറൽ ആശുപത്രി മോർച്ചറയിലേയ്ക്കു മാറ്റി. ബന്ധുക്കൾ എത്തി മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
രണ്ടാഴ്ചയിലേറയായി ഈ പാടശേഖരം കൃഷിക്കായി ഒരുക്കി വരികയായിരുന്നു ഇതിനിടെ പാടശേഖരം ഒരുക്കുന്നതു സംബന്ധിച്ചു തർക്കം ഉടലെടുത്തിരുന്നു. തർക്കം പരിഹരിക്കുന്നതിനായി പനച്ചിക്കാട് പഞ്ചായത്തിൽ യോഗം ചേർന്നിരുന്നു. ഇതിനു ശേഷമാണു കൃഷിക്കായി നിലമൊരുക്കന്നത് ആരംഭിച്ചത്. പാടശേഖരത്തിൽ കൃഷി ഇറക്കാൻ അനുവദിക്കില്ലെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി നിലപാട് എടുത്തിരുന്നു. ഇതേ തുടർന്ന്, വെള്ളിയാഴ്ച വൈകിട്ട് പഞ്ചായത്ത് ഓഫിസിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിൽ കൃഷിയിറക്കാൻ ധാരണയായിരുന്നു. ഇതിനു പിന്നാലെയാണ് അപകടം ഉണ്ടായത്.