സമാന്തര ലോട്ടറി തട്ടിപ്പ് ; രണ്ടര മാസത്തിനുള്ളിൽ പിടിയിലായത് അഞ്ചുപേർ
സ്വന്തം ലേഖകൻ
കോഴിക്കോട്: സമാന്തര ലോട്ടറി തട്ടിപ്പ് നടത്തി ഓരോ ദിവസവും ലക്ഷങ്ങളാണ് തട്ടിയെടുക്കുന്നത്.സമാന്തര ലോട്ടറി വിൽപനയും തട്ടിപ്പും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടര മാസത്തിനിടെ സമാന്തര ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് പന്നിയങ്കര, കുന്ദമംഗലം, ചേവായൂർ പൊലീസ് കല്ലായി സ്വദേശി മേലാങ്കിപറമ്പിൽ പ്രകാശൻ, കണ്ണാടിക്കൽ കൊളേശ്ശരി പ്രശോഭ്, വാസു, രാജീവ്, ചേനോത്ത് സനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് ആറര ലക്ഷത്തോളം രൂപ പിടിച്ചെടുത്തിരുന്നു. ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ റാക്കറ്റിലെ കണ്ണികളാണ് പിടിയിലായവർ എന്നാണ് പൊലീസ് പറയുന്നത്. ചില ലോട്ടറി വ്യാപാരികളും തട്ടിപ്പു സംഘങ്ങൾക്ക് കൂട്ടുനിൽക്കുന്നതായി സൂചനയുണ്ട്. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ജി.എസ്.ടി വന്നതിനു പിന്നാലെയാണ് സമാന്തര ലോട്ടറി മുമ്പില്ലാത്ത വിധം വ്യാപിച്ചതെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിലർ വാട്‌സ്ആപ് ഗ്രൂപ്പുകളടക്കം രൂപവത്കരിച്ചാണ് സ്ഥിരമായി ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. സംഘത്തിലെ ചിലർ തട്ടിപ്പിനായി മൊബൈൽ ആപ് പോലും ഉണ്ടാക്കിയതായും പരാതിയുണ്ട്. സ്ഥിരമായി ലോട്ടറി എടുക്കുന്ന പലരും സമാന്തര ലോട്ടറിക്കു പിന്നാലെ പോകുന്നതോടെ സർക്കാറിന് വലിയ നികുതി വരുമാനമാണ് നഷ്ടമാകുന്നത്.
കല്ലായി, കൊയിലാണ്ടി, പറമ്പിൽ ബസാർ, ഫറോക്ക്, പൂക്കാട്, വെങ്ങളം, കട്ടാങ്ങൽ, വടകര തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപന സജീവമായത്.