play-sharp-fill
പൊട്ടിപ്പൊളിഞ്ഞ കൂരയിൽ പൊലീസുകാർ മുതൽ സി.ഐമാർ വരെയുള്ളവർ അന്തിയുറങ്ങുമ്പോൾ ഉന്നതർക്ക് ആഡംബര മാളിക; ഡിജിപി സർ ഒന്നു വന്നു കാണണം പൊലീസുകാരുടെ ക്വാർട്ടേഴ്‌സുകൾ

പൊട്ടിപ്പൊളിഞ്ഞ കൂരയിൽ പൊലീസുകാർ മുതൽ സി.ഐമാർ വരെയുള്ളവർ അന്തിയുറങ്ങുമ്പോൾ ഉന്നതർക്ക് ആഡംബര മാളിക; ഡിജിപി സർ ഒന്നു വന്നു കാണണം പൊലീസുകാരുടെ ക്വാർട്ടേഴ്‌സുകൾ

ഏ.കെ ശ്രീകുമാർ

തിരുവനന്തപുരം: പൊലീസുകാർ മുതൽ സി.ഐമാർ വരെയുള്ള ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്‌സുണ്ടാക്കാൻ നൽകിയ തുക വകമാറ്റി, എഡിജിപിമാർക്കും ഉന്നതന്മാർക്കും വില്ലയുണ്ടാക്കിയ പൊലീസ് ഏമാന്മാർ ഒന്നു കാണുക താഴേത്തട്ടിലുള്ള പൊലീസുകാരുടെ ക്വാർട്ടേഴ്‌സുകൾ. പൊട്ടിപ്പൊളിഞ്ഞ്, വെള്ളം കയറി, ഭിത്തികൾ വിണ്ടു കീറിയ ഈ ക്വാർട്ടേഴ്‌സുകൾ കണ്ടാൽ അറിയാം, പൊലീസിലെ പാവങ്ങളെ..!


പൊലീസിലെ ബഹൂഭൂരിപക്ഷം വരുന്ന സാദാ പൊലീസുകാർ ഇപ്പോഴും ക്വാർട്ടേഴ്‌സുകളിൽ കഴിയുന്നത് കയറിക്കിടക്കാൻ ഒരു കൂരയില്ലാത്തതിന്റെ പേരിലാണ്. വെയിലും മഴയുമേറ്റ് സാധാരണക്കാരന്റെ സ്വത്തിനും, ജീവനും സംരക്ഷണം നിൽക്കുന്ന പൊലീസുകാരന്റെ ക്വാർട്ടേഴ്‌സിൽ പോലും കയ്യിട്ടു വാരുന്നത്ര അധപ്പതിക്കാൻ പാടില്ലായിരുന്നു പൊലീസിലെ ഉന്നതന്മാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിലെ തന്നെ പൊലീസിന്റെ ക്വാർട്ടേഴ്‌സുകളിൽ പലതും ഇപ്പോഴും ദ്രവിച്ച് താഴെ വീഴാറായവയാണ്. പലതിന്റെയും മേൽക്കൂര ചോർന്നൊലിച്ചു തുടങ്ങിയിട്ടുണ്ട്. സാധാ പൊലീസുകാർ മുതൽ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർമാർ വരെയുള്ളവരാണ് ക്വാർട്ടേഴ്‌സുകളിൽ താമസിക്കുന്നത്.എസ് ഐ മാർ മുതൽ ഡി വൈ എസ് പി മാർ വരെയുള്ളവർ ജില്ലയ്ക്കു പുറത്തു ജോലി ചെയ്യുമ്പോൾ ക്വാർട്ടേഴ്സിൻ്റെ ശോചനീയാവസ്ഥ മൂലം വാടക വീടുകളെയാണ് ആശ്രയിക്കുന്നത്.ഇതിന് പതിനായിരം മുതൽ പതിനയ്യായിരം വരെ വാടക നല്കണം.ഈ അധിക ചിലവ് കുടുംബ ബജറ്റ് താളം തെറ്റിക്കുമ്പോൾ അഴിമതി കാണിക്കാൻ ഉദ്യോഗസ്ഥരെ നിർബന്ധിതരാക്കും

എസ്.പിമാരും ഡിവൈഎസ്പിമാരും അത്യാവശ്യം സാമാന്യം ഭേദപ്പെട്ട ക്വാർട്ടേഴ്‌സുകളിലും വീടുകളിലും താമസിക്കും. മിക്ക ജില്ലകളിലും എസ്.പിമാരുടെ ക്വാർട്ടേഴ്‌സുകൾ ആഡംബര ബംഗ്ലാവുകൾ തന്നെയായിരിക്കും. ഡിവൈഎസ്പിമാരും സാമാന്യം ഭേദപ്പെട്ട ക്വാർട്ടേഴ്‌സുകളിൽ താമസിക്കും. ഇനി ക്വാർട്ടേഴ്‌സിന്റെ അവസ്ഥ മോശമാണെങ്കിൽ ഡിവൈഎസ്പിമാർ വിചാരിച്ചാൽ കൃത്യമായി അറ്റകുറ്റപണിയെങ്കിലും നടക്കും.

എന്നാൽ, സാദാ പൊലീസുകാരന്റെ സ്ഥിതി അതീവ ദയനീയമാണ്. വീടുകൾ ചോർന്നൊലിക്കാൻ തുടങ്ങിയാൽ, രണ്ടു മഴക്കാലം കഴിഞ്ഞാലെങ്കിലും ചോർച്ച മാറ്റിക്കിട്ടിയാൽ സമാധാനം. സ്വന്തം കയ്യിൽ നിന്നും പണം ഒപ്പിച്ച് ക്വാർട്ടേഴ്‌സിന്റെ അറ്റകുറ്റപണി നടത്താമെന്നു വച്ചാൽ, അതിനും വകുപ്പില്ല.

ഇത് കൂടാതെയാണ് പൊലീസ് സ്റ്റേഷനുകളിലെ അവസ്ഥ. മിക്ക പൊലീസ് സ്റ്റേഷനിലും ഒരു ജീപ്പ് മാത്രമാണ് കഷ്ടിച്ച് ഉണ്ടാകുക. പല സ്റ്റേഷനുകളിലും ഡ്രൈവർമാരേ ഉണ്ടാകില്ല, ഇവിടങ്ങളിൽ പോലീസുകാരാണ് വാഹനം ഓടിക്കുന്നത്. ഇത് പുതിയ വാഹനങ്ങൾക്ക് പോലും വളരെ പെട്ടന്ന് കേടുവരുത്തും, എസ്.പി മുതൽ മുകളിലേയ്ക്കുള്ള ഉദ്യോഗസ്ഥ മേധാവിമാർക്കു നാലും അഞ്ചും വാഹനങ്ങളാണ് ഉള്ളത്. എല്ലാത്തിനും പ്രത്യേകം ഡ്രൈവർമാരും ഉണ്ടാകും. പഴിയും പണിയും മുഴുവൻ സാധാ പൊലീസുകാർക്കും ആഡംബര സൗകര്യങ്ങൾ കേരളത്തിലെ ഉന്നതന്മാർക്കും എന്നതാണ് പൊലീസിലെ സ്ഥിതി. ഇത് മാറാതെ ജനങ്ങൾക്ക് പൊലീസിൽ നിന്നും മികച്ച സേവനം ലഭിക്കില്ല.