സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചിയിലെത്തിയ ചൈനീസ് കപ്പൽ ‘ഫു യുവാൻ യു’ വിനെ കാണാനില്ല.
പുറങ്കടലിൽ വച്ച് മത്സ്യബന്ധന ബോട്ടിൽ വന്നിടിക്കുകയും പിന്നീട് നിർത്താതെ പോവുകയും ചെയ്ത കപ്പലിനെതിരെ മത്സ്യത്തൊഴിലാളികളുടെ പരാതിയിന്മേൽ കോസ്റ്റൽ പൊലീസ് കേസെടുത്തു.
കപ്പൽ കൊച്ചി തീരം വിട്ടോയെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. കോസ്റ്റ് ഗാർഡ്, ഡി ജി ഷിപ്പിംഗ്, തീര സംരക്ഷണ സംയുക്ത സംഘം എന്നിവരുടെ സഹായം ഇതിനായി തേടിയിട്ടുണ്ടെന്ന് കോസ്റ്റൽ പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നിന്ന് കടലിലേക്കു പോയ മീൻപിടിത്ത ബോട്ടിൽ കപ്പൽ ഇടിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള ‘യഹോവ’ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം നടന്ന ശേഷം ബുധനാഴ്ച ഈ ബോട്ട് കൊച്ചി ഫിഷറീസ് ഹാർബറിൽ അടുപ്പിച്ചു. നാഗപട്ടണം സ്വദേശി വിന്നരസന്റേതാണ് ബോട്ട്. ബോട്ടിൽ ചൈനീസ് കപ്പലാണ് ഇടിച്ചതെന്ന് തൊഴിലാളികൾ പറയുന്നു. ‘ഫു യുവാൻ യു’ എന്ന കപ്പലാണ് ഇടിച്ചതെന്നാണ് തൊഴിലാളികൾ പൊലീസിനെ അറിയിച്ചിട്ടുള്ളത്. കടലിൽ നങ്കൂരമിട്ട് കിടക്കുകയായിരുന്നു ബോട്ട്. മുൻഭാഗത്ത് കപ്പൽ വലിയ ശബ്ദത്തോടു കൂടി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബോട്ടിലെ ഒരു തൊഴിലാളി കടലിലേക്ക് വീണു. ഇയാളെ മറ്റ് തൊഴിലാളികൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്. ബോട്ടിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. എന്നാൽ, അപകടശേഷം കപ്പൽ നിർത്താതെ പോയി.
ഹോൺ അടിക്കാതെയും മറ്റ് മുന്നറിയിപ്പുകൾ നൽകാതെയുമാണ് കപ്പൽ വന്നതെന്നും തൊഴിലാളികൾ നൽകിയ പരാതിയിൽ പറയുന്നു.അപകടം നടന്നയുടൻ തന്നെ ബോട്ട് കൊച്ചിയിലേക്ക് തിരികെപോന്നു.തിരിച്ചെത്തിയ തൊഴിലാളികൾ ഇതു സംബന്ധിച്ച് കോസ്റ്റൽ പോലീസിന് പരാതി നൽകുകയായിരുന്നു. ചൈനീസ് കപ്പലിനെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഷിപ്പിംഗ് മന്ത്രാലയത്തിനും പരാതി നൽകിയിട്ടുണ്ട്.