മണ്ണ് മാഫിയക്ക് എതിരെ പ്രതികരിച്ച വിവരാവകാശ പ്രവർത്തകന് കോട്ടയത്ത് വീണ്ടും മർദ്ദനം: മൂന്നാം തവണയും മർദ്ദനമേറ്റത് നഗരസഭ ഓഫീസിൽ വച്ച്: കരാറുകളിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ
എ.കെ ശ്രീകുമാർ
കോട്ടയം : മണ്ണ് മാഫിയക്ക് എതിരെ പ്രതികരിച്ച വിവരാവകാശ പ്രവർത്തകന് നേരെ വീണ്ടും കരാറുകാരുടെ ആക്രമണം. നഗരസഭ ഓഫീസിൽ വച്ച് തന്നെയാണ് മൂന്നാം തവണയും ഇയാൾക്കെതിരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
വിവരാവകാശ പ്രവർത്തകനായ എസ്.എച്ച് മൗണ്ട് നട്ടാശേരിൽ മഹേഷ് വിജയനെയാണ് കരാറുകാരുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം വ്യാഴാഴ്ച ഉച്ചയ്ക്ക് നഗരസഭ ഓഫിസിലിട്ട് മർദിച്ചത്. രണ്ടാഴ്ച മുമ്പ് നഗരസഭ ഓഫീസിൽ വച്ച് ഇയാളെ കരാറുകാരുടെ സംഘം മർദ്ദിച്ചിരുന്നു. ഇതിനു പിന്നാലെ രണ്ടുദിവസം മുമ്പ് അയാളുടെ വീട്ടിൽ എത്തിയ കരാറുകാരുടെ സംഘം വീട് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് അംഗ സംഘം വീണ്ടും മഹേഷിനെ ആക്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ വീട് ആക്രമിച്ചത് സംബന്ധിച്ച് മഹേഷ് ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയെങ്കിലും പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതിനെതിരെ ജില്ലാ പോലീസ് മേധാവി എസ്.ജയദേവിന് പരാതി നൽകിയതിനു ശേഷം കേസിന് ആവശ്യമായ രേഖകൾ ശേഖരിക്കുന്നതിനായി ആണ് മഹേഷ് വിജയൻ നഗരസഭ ഓഫീസിൽ എത്തിയത്.
ഈ സമയം ഓഫീസിനുമുന്നിൽ കാത്തുനിന്ന രണ്ടംഗസംഘം മഹേഷിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ക്രൂരമായി മർദ്ദിച്ച് നിലത്ത് വീഴ്ത്തിയ ശേഷം മഹേഷിനെ ചവിട്ടുകയും ചെയ്തു. നാട്ടുകാർ നോക്കി നിൽക്കെയാണ് അക്രമിസംഘം നഗരസഭ ഓഫിസിൽ അഴിഞ്ഞാടിയത്. നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചതോടെ പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് പൊലീസ് കരാറുകാരിൽ ഒരാളെ ഓടിച്ചിട്ട് പിടികൂടി.
രണ്ടാഴ്ച മുമ്പ് ഇതേ കരാറുകാരുടെ അക്രമി സംഘം തന്നെ മഹേഷിനെ നഗരസഭ ഓഫീസിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചിരുന്നു. ഇതിനു പിന്നാലെ മഹേഷ് കേസിൽ പരാതി നൽകിയെങ്കിലും പൊലീസ് പ്രതികൾക്ക് എതിരെ ജാമ്യമുള്ള വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്. ഇതിനുപിന്നാലെ രണ്ടുദിവസം മുമ്പ് മഹേഷിനെ വീട്ടിൽ കയറിയ അക്രമി സംഘം ആക്രമിച്ചിരുന്നു. വീട് തല്ലിത്തകർത്ത് സംഘം വധഭീഷണി മുഴക്കിയാണ് മടങ്ങിയത്. ഇതിനുപിന്നാലെയാണ് ഇപ്പോൾ വീണ്ടും മഹേഷിനു നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.