സർക്കാരും ഉണ്ട വിഴുങ്ങിയോ…? വിവാദങ്ങൾക്കിടെ ബെഹ്‌റയും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: റൈഫിളുകളും വെടിയുണ്ടകളും കാണാതായി എന്ന സി.എ.ജി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ബെഹ്‌റ കൂടിക്കാഴ്ച നടത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ബെഹ്‌റ മുഖ്യമന്ത്രിയെ കാണാനെത്തിയത്. എഡിജിപി മനോജ് ഏബ്രഹാമും ഒപ്പമുണ്ടായിരുന്നു.
അതേസമയം, വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.എ.ജി റിപ്പോർട്ടിൽ നടപടി സ്വീകരിക്കുമെന്ന് നിയമസഭയിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഡി.ജി.പിയെ മാറ്റണമെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ നേതാവിന്റെ കത്ത് തന്റെ കൈയ്യിൽ കിട്ടിയിട്ടില്ലെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2013-18 കാലയളവിലെ സി.എ.ജി റിപ്പോർട്ട് ആണ് കഴിഞ്ഞ ദിവസം നിയമസഭയിൽ വെച്ചത്. ഇതിൽ സാേങ്കതിക ഉപകരണങ്ങളും വാഹനങ്ങളും വാങ്ങിയതിലെ മാനദണ്ഡങ്ങൾ ഡി.ജി.പിയും പൊലീസും ലംഘിച്ചെന്നും സിഎജി റിപ്പോർട്ടിലുണ്ട്. നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കെതിരെ വലിയ സാമ്പത്തിക ക്രമക്കേടുകളാണ് സി.എ.ജി റിപ്പോർട്ടിലുള്ളത്.
കമ്പോള വിലയേക്കാൾ കൂടിയ തുകക്ക് ശബരിമലയിലേക്കു സുരക്ഷ ഉപകരണങ്ങൾ വാങ്ങി സർക്കാരിന് ഒന്നര കോടി നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്.