play-sharp-fill
പൊലീസിൽ അടിമുടി അഴിമതി ; സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് കൺട്രോൾ റൂമിൽ ഇഷ്ടംപോലെ കയറി ചെല്ലാം

പൊലീസിൽ അടിമുടി അഴിമതി ; സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് കൺട്രോൾ റൂമിൽ ഇഷ്ടംപോലെ കയറി ചെല്ലാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളാ പോലീസുമായി ബന്ധപ്പെട്ട പദ്ധതികളിൽ ക്രമക്കേടുണ്ടെന്ന സിഎജി റിപ്പോർട്ടിന് പിന്നാലെ പോലീസ് നടപ്പാക്കിയ പദ്ധതികളിൽ അഴിമതി നടന്നുവെന്ന വിവരം പുറത്ത് വരുന്നു. കെൽട്രോണുമായി ചേർന്ന് പോലീസ് നടപ്പാക്കിയ സിംസ് പദ്ധതിയാണ് ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത്.

പദ്ധതി നടത്തിപ്പിന് സ്വകാര്യ കമ്പനിയെ ഉപയോഗിക്കുന്നുണ്ടെന്നും സ്വകാര്യ കമ്പനി പ്രതിനിധി പോലീസ് ആസ്ഥാനത്തുണ്ടെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കമ്പനിയ്ക്ക് പൊലീസ് ആസ്ഥാനത്ത് കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും സൗകര്യം പോലെ കടന്ന് ചെല്ലാനുമുള്‌ല അധികാരം പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നൽകിയിരുന്നു.സംസ്ഥാന പോലീസിന്റെ പ്രവർത്തനങ്ങളിൽ ബാഹ്യ ഇടപെടലിന് കളമൊരുക്കുന്നതാണിതെല്ലാം. അതേസമയം, വെടിക്കോപ്പുകൾ അപ്രത്യക്ഷമായെന്ന സിഎജി കണ്ടെത്തൽ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.

ഡിജിപി ലോക്നാഥ് ബെഹറക്കെതിരെ ഉയർന്ന ആരോപണം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണറെ കാണാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.വ്യവസായ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുള്ള കേരളാ പോലീസിന്റെ പുതിയ സുരക്ഷ പദ്ധതിയാണ് സിംസ്. ഇത് കെൽട്രോണുമായി സഹകരിച്ചാണ് നടപ്പാക്കുന്നത് എന്നാണ് ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞത്. എന്നാൽ പദ്ധതി നടപ്പാക്കുന്നത് ഗാലക്സൺ എന്ന സ്വകാര്യ കമ്പനിയുടെ സഹായത്തോടെയാണെന്ന് ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്. ഇത് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.

സ്വകാര്യ സ്ഥാപനങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സി.സി.ടി.വി കാമറകളും സെർവറുകളും സ്ഥാപിക്കുന്ന പദ്ധതിയാണ് സിംസ്. ഇതിലൂടെ മോഷണവും മറ്റും പൂർണമായും തടയാനാവുമായിരുന്നു. പൊലീസിന് ബാദ്ധ്യതയില്ലാതെ നടത്തണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി നിർദ്ദേശം നൽകിയ പദ്ധതിയിൽ ഇപ്പോൾ ക്രമക്കേട് കണ്ടെത്തിയത് എന്നാണ് ആരോപണം.

പൊലീസ് ആസ്ഥാനത്ത് കെൽട്രോണിന് പ്രത്യേക സ്ഥലം അനുവദിച്ച് സ്വകാര്യ കൺട്രോൾ റൂം തുറക്കാനായിരുന്നു തീരുമാനം. ഇവിടെ കെൽട്രോണിലെ ജീവനക്കാരെ നിയമിക്കണമെന്നും 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തണമെന്നും തീരുമാനമുണ്ടായിരുന്നു. നിരീക്ഷണത്തിന് ബാങ്കുകളും സ്ഥാപനങ്ങളും നിശ്ചിത തുക കെൽട്രോണിന് നൽകണം. ഇതിന്റെ ചെറിയ വിഹിതം പൊലീസിനും ലഭിക്കുന്ന തരത്തിലായിരുന്നു പദ്ധതി ആവിഷ്‌കരിച്ചത്.

എന്നാൽ കെൽട്രോൺ ഇത് ഉപകരാർ നൽകി. സ്വകാര്യ സ്ഥാപനത്തെ നിരീക്ഷണ ചുമതല ഏൽപ്പിച്ചു. പക്ഷെ ബാങ്കുകളോ സ്ഥാപനങ്ങളോ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായി മുന്നോട്ട് വന്നില്ല. ഇതോടെ പദ്ധതി താളം തെറ്റി. ഈ ഘട്ടത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്‌റ നേരിട്ടിടപെട്ടു. സ്ഥാപനങ്ങളെ പദ്ധതിയുമായി സഹകരിപ്പിക്കാനുള്ള ഇടപെടൽ നടത്താൽ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

പദ്ധതിയിൽ അംഗമാകുന്ന സ്ഥാപനങ്ങളിൽ സെർവർ ഉൾപ്പെടെ ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ഈ കമ്ബനിയാണ്. അതിന്റെ പണവും മാസംതോറും നിശ്ചിത ഫീസും ഇവർ വാങ്ങും. അതിൽ നിന്ന് ചെറിയ പങ്ക് പൊലീസിന് നൽകുമെന്ന് മാത്രം. പദ്ധതിയുടെ കൺട്രോൾ റൂം പൊലീസ് ആസ്ഥാനത്തിനുള്ളിലാണ്. ഇത് നിർമിച്ചതും ഈ കമ്പനിയാണ്.