video
play-sharp-fill
സ്വർണത്തിന്റെ തിളക്കം കൂട്ടാമെന്നു പറഞ്ഞ് തട്ടിപ്പ് ; മൂന്നു പവന്റെ മാലയിൽ നിന്നും ഒറ്റക്കഴുകലിൽ ഒരു പവൻ അടിച്ചു മാറ്റി

സ്വർണത്തിന്റെ തിളക്കം കൂട്ടാമെന്നു പറഞ്ഞ് തട്ടിപ്പ് ; മൂന്നു പവന്റെ മാലയിൽ നിന്നും ഒറ്റക്കഴുകലിൽ ഒരു പവൻ അടിച്ചു മാറ്റി

സ്വന്തം ലേഖകൻ

വണ്ടൂർ: സ്വർണാഭരണങ്ങൾക്ക് തിളക്കം കൂട്ടി നൽകാമെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയ ബിഹാർ സ്വദേശികൾ അറസ്റ്റിൽ. രവികുമാർ ഷാ (38), ശ്യാംലാൽ (40) എന്നിവരാണ് പിടിയിലായത്. പോരൂർ പൂത്രക്കോവിലെ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

സ്വർണാഭരണത്തിലെ അഴുക്കുകൾ നീക്കി നിറംകൂട്ടി നൽകാമെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ പ്രത്യേക ഓഫറാണിതെന്നും സൗജന്യമായാണ് പരിമിതകാലത്തേക്കുള്ള ഈ സേവനമെന്നും പറഞ്ഞാണ് യുവാക്കളെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നുപവൻ തൂക്കമുള്ള മാല വീട്ടമ്മ നിറം കൂട്ടാനായി അവരുടെ കൈയിൽ നൽകി.പാത്രത്തിലിട്ട് ചൂടാക്കിയ ശേഷം അക്വാറീജിയയിൽ മുക്കിയ മാലയിൽ നിന്നും ഒരു പവൻ അടിച്ചു മാറ്റുകയായിരുന്നു.

ലായനിയിൽ മുക്കിയ മാല ഫാനിന്റെ ചുവട്ടിൽ വച്ചു നന്നായി ഉണങ്ങിയ ശേഷമേ എടുക്കാവൂ എന്ന് പറഞ്ഞ ശേഷം പ്രതികൾ സ്ഥലം വിട്ടു. കുറച്ചു കഴിഞ്ഞു മാല എടുത്തു നോക്കിയപ്പോൾ തൂക്കക്കുറവ് അനുഭവപ്പെട്ടു.

സംശയം തോന്നിയ വീട്ടമ്മ ഉടൻ തന്നെ വാണിയമ്പലത്തെ ജൂവലറിയിൽ എത്തിച്ചു തൂക്കി നോക്കി. അപ്പോഴാണ് ഒരു പവനോളം കുറവ് കണ്ടെത്തിയത്. യുവാക്കൾ മാല കഴുകുന്ന ഫോട്ടോ വീട്ടമ്മ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇതുപയോഗിച്ചു തിരച്ചിൽ നടത്തി. അപ്പോഴാണ് വാളോറിങ്ങൽ പുന്നപ്പാലയിൽ സമാന രീതിയിൽ തട്ടിപ്പു നടത്തുന്നതായി വിവരം ലഭിച്ചത്.

ഉടൻ അവിടെയെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ തടഞ്ഞുവച്ചു പൊലീസിൽ അറിയിക്കുകയായിരുന്നു.

സ്വർണം അലിഞ്ഞുചേരുന്ന രാസ ലായനിയിൽ കഴുകി തിരിച്ചു നൽകുകയായിരുന്നു. നിലമ്പൂർ, പോത്തുകല്ല്, കുന്നംകുളം എന്നിവിടങ്ങളിൽ യുവാക്കൾ സമാന രീതിയിൽ തട്ടിപ്പു നടത്തിയതിനു നേരത്തേ അറസ്റ്റിലായിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും എസ്ഐ ബി.പ്രദീപ്കുമാർ പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.