ബസിൽ നിന്നും സ്ത്രീ തെറിച്ചു വീണ സംഭവം ; ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു
സ്വന്തം ലേഖകൻ
വയനാട്: വൈത്തിരിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ചുവീണ് മരിച്ച സംഭവത്തിൽ ഡ്രൈവറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകിയത്.
ബുധനാഴ്ച രാവിലെയാണ് വൈത്തിരി ബസ് സ്റ്റാൻഡിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ച് വീണത്. തളിമല സ്വദേശി ശ്രീവള്ളിയാണ് തെറിച്ച് വീണത്. പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിന്റെ പിൻവാതിലിലൂടെ ശ്രീവള്ളി പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇറങ്ങാനുള്ള സ്റ്റോപ്പിലേക്ക് ബസ് അടുത്തതോടെ ഇവർ ഇരിപ്പിടത്തിൽനിന്ന് മാറി വാതിലിന് സമീപത്തേക്ക് നിന്നു. ഇതിനിടെ ബസ് വളവ് തിരിഞ്ഞപ്പോൾ തുറന്നിരുന്ന വാതിലിലൂടെ സ്ത്രീ പുറത്തേക്ക് തെറിച്ചുപോവുകയായിരുന്നു. ഡ്രൈവറുടെ നിയന്ത്രണത്തിലുള്ള ഓട്ടോമാറ്റിക് ഡോറായിരുന്നു. കെഎസ്ആർടിസിക്ക് തൊട്ടുപിന്നാലെ മറ്റൊരു സ്വകാര്യ ബസ് കൂടി വരുന്നുണ്ടായിരുന്നു. സ്ത്രീ വീഴുന്നത് കണ്ട് പിന്നാലെ വന്ന ബസ്സിന്റെ ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ചെയ്തതിനാൽ തലനാരിഴയ്ക്ക് വൻദുരന്തമൊഴിവായത് സിസി ടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.
സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് സ്ത്രീയെ ഉടൻ ആശുപത്രിയിലെത്തിച്ചു. തലയടിച്ച് വീണതിനാൽ സ്ത്രീക്ക് കാര്യമായ പരിക്കുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സാധാരണഗതിയിൽ ഡബിൾ ബെൽ അടിച്ചുകഴിഞ്ഞാൽ വാതിൽ അടച്ചിട്ടുവേണം ബസ് മുന്നോട്ടെടുക്കാൻ. എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽ ബസ്സിന്റെ വാതിലുകൾ അടച്ചിട്ടില്ലെന്നാണ് മനസ്സിലാവുന്നത്.