video
play-sharp-fill
ക്ലീന്‍ കോട്ടയം-ഗ്രീന്‍ കോട്ടയം പദ്ധതി; ജനകീയ സമിതി രൂപീകരിച്ചു

ക്ലീന്‍ കോട്ടയം-ഗ്രീന്‍ കോട്ടയം പദ്ധതി; ജനകീയ സമിതി രൂപീകരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയെ മാലിന്യമുക്തമാക്കുന്നതിനായി ജില്ലാ പഞ്ചായത്തും മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങളും ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി നടപ്പാക്കുന്ന ക്ലീന്‍ കോട്ടയം-ഗ്രീന്‍ കോട്ടയം പദ്ധതിയുടെ നിര്‍വ്വഹണത്തിനായി ജനകീയ സമിതി രൂപീകരിച്ചു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ രണ്ടു മുതല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മാലിന്യനിര്‍മാര്‍ജന പദ്ധതിയാണ് ക്ലീന്‍ കോട്ടയം – ഗ്രീന്‍ കോട്ടയം. അമ്പതുകോടി രൂപയാണ് ഇതിനായി ചെലവിടുക. ജൈവമാലിന്യങ്ങള്‍ വീടുകളില്‍ തന്നെ സംസ്കരിക്കുന്നതിന് സംവിധാനം സജ്ജീകരിക്കുക, അജൈവ മാലിന്യങ്ങള്‍ വീടുകളില്‍നിന്നു ശേഖരിച്ച് പുനരുപയോഗത്തിന് നല്‍കുക, ജില്ലയിലെ മുഴുവന്‍ അറവുശാലകളിലെയും കോഴി വില്‍പ്പന കേന്ദ്രങ്ങളിലെയും മാലിന്യങ്ങള്‍ സംഭരിച്ച് സംസ്കരിക്കുക, ശുചിത്വം ഉറപ്പാക്കാന്‍ ജനങ്ങളെ ബോധവത്കരിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ അടിസ്ഥാന ദൗത്യങ്ങള്‍.

ജില്ലയിലെ എം.പിമാരും എം.എല്‍.എമാരും രക്ഷാധികാരികളായുള്ള സമിതിയുടെ ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാണ്. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു മെംബര്‍ സെക്രട്ടറിയാണ്. ജനറല്‍ കോ-ഓര്‍ഡിനേറ്ററായി ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരിയെ തിരഞ്ഞെടുത്തു.

ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എന്നിവര്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

ഡോ. പുന്നന്‍ കുര്യന്‍ വേങ്കടത്ത്, ജോണ്‍ ആശ്രമം എന്നിവരാണ് ടെക്നിക്കല്‍ അഡ്വൈസര്‍മാര്‍. ബോധവത്കരണ കമ്മിറ്റി കോ-ഓര്‍ഡിനേറ്ററായി ബിനു കണ്ണന്താനത്തെയും സപ്പോര്‍ട്ട് കമ്മിറ്റി അംഗങ്ങളായി ദിലീപ് ഫിലിപ്പ്, സഖറിയാസ് ഞാവള്ളി എന്നിവരെയും തിരഞ്ഞെടുത്തു. കമ്മിറ്റികളുടെ യോഗം ഫെബ്രുവരി അഞ്ചിന് ചേരും.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജയേഷ് മോഹന്‍ , ശോഭനകുമാരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി.മാത്യു, ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. രമേശ്, എഡിസി (ജനറല്‍) ജി. അനീസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോ, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായ സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.