ദക്ഷിണേന്ത്യയിലെ ആദ്യ തുരങ്കപാത ഉടൻ നാടിന് സമർപ്പിക്കും

ദക്ഷിണേന്ത്യയിലെ ആദ്യ തുരങ്കപാത ഉടൻ നാടിന് സമർപ്പിക്കും

സ്വന്തം ലേഖകൻ

തൃശ്ശൂർ: ദക്ഷിണേന്ത്യയിലെ ആദ്യ തുരങ്കപാത കുതിരാൻ തുരങ്കങ്ങളിലെ ഇടത്തേ തുരങ്കത്തിന്റെ പണികൾ പൂർത്തിയാവുന്നു. അടുത്ത മാസം അവസാനത്തോടെ തുരങ്കം തുറക്കാനാവുമെന്നാണ് അധികൃതർ അറിയിച്ചത്. തൃശൂർ – പാലക്കാട് റൂട്ടിൽ മണ്ണുത്തി വഴുക്കപാറയ്ക്കടുത്ത് കുതിരാൻമല തുരന്നാണ് റോഡ് ഗതാഗതത്തിനായി തുരങ്കം ഒരുക്കുന്നത്. 3,156 അടി വീതം നീളമുള്ള രണ്ടു തുരങ്കങ്ങളാണ് പണിയുന്നത്. രണ്ടു തുരങ്കങ്ങളിലും കൂടി ആറു വരി പാതകളാണ് ഉള്ളത്. ഇടത്തേ തുരങ്കത്തിന്റെ കൈവരികളും ഡ്രെയിനേജും പൂർത്തിയായി. ഇലക്ട്രിക്കൽ പണികളും ക്ലീനിങ്ങും മാത്രമാണ് ഇനി അവശേഷിക്കുന്നത്. ദേശീയപാതാ അതോറിറ്റിയുടെ അംഗീകൃത നിർമാണ കമ്പനിയായ കെഎംസിയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രഗതി എഞ്ചിനീയറിങ്ങ് ആൻഡ് റെയിൽ കമ്പനിയാണ് തുരങ്കനിർമാണം സബ് ഉപകരാറായി എടുത്തത്. 200 കോടി രൂപയാണ് തുരങ്കങ്ങളുടെ നിർമാണച്ചെലവ്. 2015ൽ പദ്ധതി പ്രഖ്യാപനവും കരാർ പൂർത്തീകരണവും നടന്നെങ്കിലും പ്രാദേശിക എതിർപ്പുകളും, വനംവകുപ്പിൽ നിന്നുള്ള അനുവാദത്തിന് നേരിട്ട കാലതാമസവും മൂലം 2016 ജൂൺ മാസത്തിലാണ് പണികൾ ആരംഭിച്ചത്. തുരങ്കങ്ങൾക്കു വേണ്ടിയുള്ള ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ കെഎംസിയുടെ ചുമതലയിലുള്ളതാണ്. ഇതും എളുപ്പത്തിൽ തുടങ്ങാനാവുമെന്നാണ് വിശ്വാസം. ജൂലൈ മാസം പത്തിനുള്ളിൽ പണി പൂർത്തീകരിച്ച തുരങ്കം കെഎംസിക്ക് കൈമാറാൻ കഴിയുമെന്ന് പ്രഗതി കമ്പനിയുടെ ഡയറക്ടറും, എഞ്ചിനീയറും അറിയിച്ചത്. വലത്തെ തുരങ്കത്തിന്റേയും അടിസ്ഥാന ജോലികൾ പൂർത്തീകരിച്ചു. രണ്ടു മാസത്തിനകം ഇതും കെഎംസിക്ക് കൈമാറാനാകുമെന്ന് പ്രഗതി ഭാരവാഹികൾ വിശ്വാസം പ്രകടിപ്പിച്ചു. തുരങ്ക പാതകൾ തുറക്കുന്നതോടെ കുതിരാനിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാകും.