കെ.പി.സി.സി ഭാരവാഹി പട്ടികയിലെ വനിത പ്രാതിനിധ്യം ; സോണിയാ ഗാന്ധിയ്ക്ക് പരാതിയുമായി ലതികാ സുഭാഷ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പുനഃസംഘടിപ്പിച്ച കെ.പി.സി.സി ഭാരവാഹി പട്ടികയിൽ വനിത പ്രാതിനിധ്യം കുറഞ്ഞതിനെതിരെ മഹിളാ കോൺഗ്രസ് രംഗത്ത്. ഇതേ കുറിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പരാതി നൽകുമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുതിർന്ന നാല് വനിത അംഗങ്ങളുടെ പേര് വിവരങ്ങൾ താൻ സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചിട്ടുണ്ട്. കഴിവു തെളിയിച്ച ഒട്ടേറെ സ്ത്രീകൾ പാർട്ടിയിലുണ്ട്. പുതിയ തലമുറയിലെ മിടുമിടുക്കികളായ പെൺകുട്ടികളും സ്ത്രീകളും യുവജനങ്ങളുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിച്ച് വിജയിച്ച് വിവിധ പദവികളിൽ കഴിവ് തെളിയിച്ച സ്ത്രീകളുമുണ്ട്. അവർക്ക് പ്രാതിനിധ്യം കൊടുക്കണമെന്നും ലതിക സുഭാഷ് ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹിള കോൺഗ്രസിന്റെ ജില്ലാ അധ്യക്ഷയായ ആളെ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹിയാക്കുകയും മഹിളാ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷയായ വ്യക്തിയെ കെ.പി.സി.സി ജനറൽ സെക്രട്ടറിയാക്കുകയും ചെയ്യുന്ന കീഴ്‌വഴക്കങ്ങൾ നേരത്തേ ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.