play-sharp-fill
റിപ്പബ്ലിക് ദിനത്തിൽ അസമിൽ അഞ്ചിടങ്ങളിൽ സ്ഫോടനം; ബൈക്കിൽ എത്തിയ ഭീകരവാദികൾ ഗ്രനേഡ് വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു; ഉൾഫ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയം

റിപ്പബ്ലിക് ദിനത്തിൽ അസമിൽ അഞ്ചിടങ്ങളിൽ സ്ഫോടനം; ബൈക്കിൽ എത്തിയ ഭീകരവാദികൾ ഗ്രനേഡ് വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു; ഉൾഫ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയം

 

സ്വന്തം ലേഖകൻ

ഗുവാഹട്ടി: റിപ്പബ്ലിക് ദിനത്തിൽ അസമിലെ അഞ്ചിടങ്ങളിൽ സ്ഫോടനം. അസമിലെ ടിൻസുകിയ, ദിബ്രുഗഡ്, ചരൈദിയോ എന്നീ  ജില്ലകളിലാണ്സ്ഫോടനമുണ്ടായിരിക്കുന്നത്. ഒരു മണിക്കൂറിനിടെയാണ് അഞ്ചിടത്ത് സ്ഫോടനം നടന്നിരിക്കുന്നത്. രണ്ടിടത്ത് ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയിരിക്കുന്നത്. സ്ഫോടനങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ദിബ്രുഗഡ് ജില്ലയിലെ ഗ്രഹാം ബസാറിലാണ് ആദ്യ സ്ഫോടനം നടന്നത്. തൊട്ട് പിന്നാലെ എടി റോഡിലെ ഗുരുദ്വാരയ്ക്ക് സമീപത്തും സ്ഫോടനമുണ്ടായി. സോനാരിയിലെ തിയാഘട് തിനിയാലി പ്രദേശത്തെ ഒരു കടയ്ക്ക് മുന്നിലായാണ് മൂന്നാമത്തെ സ്ഫോടനമുണ്ടായത്. ദിബ്രുഗഡിലെ തന്നെ ദുലിയാജാനിലും ടിൻസുകിയയിലുമാണ് മറ്റ് സ്ഫോടനങ്ങൾ നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അടക്കമുളളവർ സ്ഫോടനം നടന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തി. പ്രദേശവാസികൾ പറയുന്നത് ബൈക്കിൽ എത്തിയ ഭീകരവാദികളെന്ന് സംശയിക്കുന്നവർ ഗ്രനേഡ് വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു എന്നാണ്. സ്ഫോടനങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ച് കഴിഞ്ഞതായി അസാം ഡിജിപി ഭാസ്‌കർ ജ്യോതി മഹന്ത് ന്യൂസ് എജൻസിയായ എഎൻഐയോട് പ്രതികരിച്ചു.

റിപ്പബ്ലിക് ദിനത്തിലുണ്ടായ ആക്രമണത്തെ ആസാം മുഖ്യമന്ത്രി സർബാനന്ദ സോണോവാൾ അപലപിച്ചു. ജനങ്ങൾ പൂർണമായും തള്ളിക്കളഞ്ഞതിന്റെ വിരോധം തീർക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു മഹത്തായ ദിനത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനുളള ഭീരുത്വപരമായ ശ്രമം ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സർക്കാർ ശക്തമായ നടപടിയെടുക്കുമെന്നും അക്രമികളെ വെളിച്ചത്ത് കൊണ്ടുവരുമെന്നും സോണോവാൾ പറഞ്ഞു. ഉൾഫ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. റിപ്പബ്ലിക് ദിനം ആഘോഷിക്കാതെ പൊതുബന്ദ് ആചരിക്കണമെന്ന് ഉൾഫ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.