video
play-sharp-fill
കശുവണ്ടി ഇറക്കുമതിയുടെ മറവിൽ തട്ടിപ്പ്: തട്ടിപ്പ് സംഘത്തിന് കൂട്ട് ചങ്ങനാശേരി ബന്ധമുള്ള പൊലീസ് ഇൻസ്പെക്ടറും; തട്ടിപ്പിന് കൂട്ട് നിന്ന പൊലീസുകാർക്ക് കള്ളും പണവും പെണ്ണും ആവശ്യത്തിന്

കശുവണ്ടി ഇറക്കുമതിയുടെ മറവിൽ തട്ടിപ്പ്: തട്ടിപ്പ് സംഘത്തിന് കൂട്ട് ചങ്ങനാശേരി ബന്ധമുള്ള പൊലീസ് ഇൻസ്പെക്ടറും; തട്ടിപ്പിന് കൂട്ട് നിന്ന പൊലീസുകാർക്ക് കള്ളും പണവും പെണ്ണും ആവശ്യത്തിന്

ക്രൈം ഡെസ്ക്

കോട്ടയം: ആഫ്രിക്കയില്‍ നിന്ന് കശുഅണ്ടി ഇറക്കുമതി ചെയ്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ 20 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ചങ്ങനാശേരിയിൽ  മുൻപ് സർക്കിൾ ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്ന  ഒ.എ സുനിൽ ,നിലവിൽ കൊട്ടരക്കര ഇൻസ്പക്ടർ ഐ പി ബിനു എന്നിവർക്കെതിരെയാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്.സുനിൽ  2016 കാലഘട്ടത്തിൽ ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർരായി ജോലി ചെയ്തിരുന്നു. ഇരുവർക്കും എതിരെ വകുപ്പ് തല നടപടിയും , കടുത്ത അച്ചടക്ക നടപടിയും ഉണ്ടാക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനീഷ് ബാബുവിന് സഹായിയായി പ്രവര്‍ത്തിച്ചിരുന്നത് ഈ സര്‍ക്കിള്‍ ഇന്‍സ്പെക്ടർമാരാണെന്നാണ് ആരോപണം. തിരുവനന്തപുരത്ത് ജോലി നോക്കുന്ന സി.ഐയാണ് സഹായങ്ങള്‍ ചെയ്തിരുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനീഷ് ബാബു തട്ടിച്ചെടുത്ത കോടികള്‍ വിനിയോഗിച്ച്‌ ചില സീരിയല്‍ നടിമാരുമായി അവിഹിത ബന്ധം നടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. സമ്പാദ്യത്തില്‍ നല്ലൊരു പങ്കും ഇത്തരം ആവശ്യങ്ങള്‍ക്കാണ് വിനിയോഗിച്ചിരുന്നത്. ഇടയ്ക്ക് വിദേശ യാത്രകള്‍ക്കും പോകാറുണ്ട്.

അടുത്ത സുഹൃത്തായ സര്‍ക്കിള്‍ ഇന്‍സ്പക്ടറെയും ഒപ്പം കൂട്ടും. കൊട്ടാരക്കരയില്‍ സി.ഐയായി ജോലി ചെയ്യുമ്പോഴാണ് അനീഷ് ബാബുവുമായി ചങ്ങാത്തം തുടങ്ങിയത്. പിന്നീട് അത് വലിയ ബന്ധങ്ങളിലേക്ക് വഴിമാറി.

പൊലീസ് കേസുകള്‍ ഉണ്ടാകുമ്പോഴൊക്കെ ഈ സി.ഐമാരുടെ സഹായം അനീഷിന് ലഭിച്ചിരുന്നു. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയ നിലയ്ക്ക് ഇരുവരുടെയും പങ്കും അന്വേഷിക്കുമെന്നാണ് വിവരം. കൊട്ടാരക്കര അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമയായ അമ്പലക്കര വാഴവിള വീട്ടില്‍ അനീഷ് ബാബുവിനെതിരെ (29) ഇപ്പോള്‍ കൂടുതല്‍ പരാതിക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്. 50 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടാകുമെന്നാണ് പ്രാഥമിക വിവരം. ഈ തുകയൊക്കെ ആഡംബര ജീവിതത്തിനും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ വിവരങ്ങള്‍ തേടുകയാണ് ക്രൈം ബ്രാഞ്ച് സംഘം.

അഞ്ചല്‍ റോയല്‍ കാഷ്യൂ ഉടമ കുഞ്ഞുമോന്റെ പരാതിയിലായിരുന്നു അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. 14.37 കോടി രൂപയാണ് കുഞ്ഞുമോന്റെ പക്കല്‍ നിന്ന് ഇയാള്‍ വാങ്ങിയിരുന്നത്. ആദിച്ചനല്ലൂര്‍ സ്വദേശി ഫെര്‍ണാണ്ടസിന്റെ പക്കല്‍ നിന്ന് 4.48 കോടി രൂപയും ആഫ്രിക്കന്‍ സ്വദേശി മൈക്കിളില്‍ നിന്ന് 76 ലക്ഷം രൂപയും തട്ടിയെടുത്തെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കര സ്വദേശിയായ മറ്റൊരു വ്യവസായിയില്‍ നിന്ന് 15 കോടി രൂപ തട്ടിച്ചതിന്റെ പരാതി ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും.

നേരത്തെ കൊല്ലത്തെ പ്രമുഖ വ്യവസായിയില്‍ നിന്ന് അഞ്ചര കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് 40 ദിവസം ജയിലില്‍ കിടന്നിട്ടുള്ള അനീഷ് ജയിലില്‍ നിന്ന് ഇറങ്ങിയപ്പോഴേക്കും കൂടുതല്‍ തട്ടിപ്പ് രംഗത്തേക്ക് കടക്കുകയായിരുന്നു. ടാന്‍സാനിയയിലെ ഐ.ആന്‍ഡ് എം ബാങ്കില്‍ 40.22 ലക്ഷം ഡോളര്‍ അനീഷിന്റെ പേരിലുണ്ടെന്ന സിഫ്ട് രേഖ കാട്ടിയായിരുന്നു തട്ടിപ്പ്.

എസ്.ബി.ഐ ലൈഫ് ഇന്‍ഷ്വറന്‍സിന്റെ 1.60 കോടി രൂപയുടെ ചെക്ക്, ഇന്‍ഡ്സ് ഇന്‍ഡ് ബാങ്കിന്റെ രേഖകള്‍, കോടികളുടെ ബാങ്ക് ഇടപാടുകള്‍ സൂചിപ്പിക്കുന്ന എസ്.എം.എസ് സന്ദേശങ്ങള്‍, കപ്പല്‍ ഏജന്‍സിയുടെ കത്ത് എന്നിവയെല്ലാം വ്യാജമായി തയ്യാറാക്കി ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അനീഷ് ബാബുവിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തും. സഹായിയായി പ്രവര്‍ത്തിച്ചിരുന്ന സി.ഐയുടെ മൊഴിയെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊല്ലത്തെ വ്യവസായിയില്‍ നിന്ന് മുന്‍പ് അഞ്ചര കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ അനീഷ് ബാബു എയര്‍പോര്‍ട്ടില്‍ നിന്ന് പിടിയിലാകുമ്ബോള്‍ സി.ഐയും ഒപ്പമുണ്ടായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസാണ് അന്ന് കേസ് അന്വേഷിച്ചത്. സി.ഐ മഞ്‌ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘം എയര്‍പോര്‍ട്ടില്‍ നിന്നാണ് അനീഷ് ബാബുവിനെ അന്ന് അറസ്റ്റ് ചെയ്തത്. സുനിലിനൊപ്പം ഉല്ലാസ സവാരിക്ക് പോയപ്പോഴായിരുന്നു അറസ്റ്റ്.