പത്ത് ദിവസം മുൻപ് ഷെയർചാറ്റ് വഴി പരിചയപ്പെട്ട ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; ചാറ്റിംഗ് ലിസ്റ്റിൽ പ്രായപൂർത്തിയാകാത്ത 46 പെൺകുട്ടികൾ ; സൈബർ സൈക്കോ വാഹിദ് കുടുങ്ങിയതിങ്ങനെ
സ്വന്തം ലേഖകൻ
തളിപ്പറമ്പ് : ഷെയർചാറ്റ് വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായപ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊയ്യം പെരുന്തിലേരി ബോട്ട്കടവിലെ എ.വി.വാഹിദിനെയാണ് (22) തളിപ്പറമ്പ് പൊലീസ് പിടികൂടിയത്.
അശ്ലീല സിനിമാ രംഗങ്ങൾ നിരന്തരമായി ഇയാൾ പെൺകുട്ടികൾക്ക് അയച്ചുകൊടുത്തിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 20നാണ് പരാതിക്ക് കാരണമായ ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയെ കൊളത്തൂരിലെ വിജനമായ റബർതോട്ടത്തിലെത്തിച്ച് വാഹിദ് ലൈംഗികമായി പീഡിപ്പിച്ചത്. ഷെയർചാറ്റ് വഴി പത്ത് ദിവസം മുമ്പാണ് ഇരുവരും പരിചയപ്പെടുന്നത്.
വിദ്യാർത്ഥിനി സ്‌കൂളിൽ പോകാൻ ബസ് കാത്തുനിൽക്കവെ സ്‌കൂളിൽ ഇറക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബൈക്കിൽ കയറ്റുകയായിരുന്നു വാഹിദ്.കൊളത്തൂരിന് സമീപത്തെ റബർത്തോട്ടത്തിലെത്തിയപ്പോൾ ബൈക്ക് നിർത്തി പീഡിപ്പിക്കുകയായിരുന്നു. ഹുസൈൻ കരിമ്പം എന്ന പേരിലാണ് ഇയാൾ പെൺകുട്ടിയുമായി ചാറ്റിംഗ് നടത്തിയിരുന്നത്. സൈബർസെൽ വഴി നടത്തിയ അന്വേഷണത്തിലാണ് വാഹിദാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്.
അന്വേഷണത്തിൽ ഇയാൾ തേർളായി കടവിന് സമീപം ഉണ്ടെന്ന് വ്യക്തമായതോടെ തെരച്ചിൽ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. ബോട്ട്കടവിന് സമീപത്തെ ഇയാളുടെ ബന്ധുവിന്റെ പൊളിഞ്ഞുകിടക്കുന്ന കടയിൽ ഒളിച്ചിരിക്കവെയാണ് പൊലീസിന്റെ വലയിലായത്.
എസി മെക്കാനിക്കായ പ്രതി ജോലിക്കൊന്നും പോകാതെ നിരന്തരമായി പെൺകുട്ടികളുമായി ചാറ്റിങ് നടത്തുകയാണ് വാഹിദിന്റെ വിനോദം. നാൽപത്തിയാറ് വിദ്യാർത്ഥിനികൾ ഇയാളുടെ ചാറ്റിങ് വലയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതിൽ കൂടുതലും ഹൈസ്‌കൂൾ-പ്ലസ്ടു വിദ്യാർത്ഥിനികളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് സ്മാർട്ട് ഫോണുകളാണ് പെൺകുട്ടികളുമായി ബന്ധപ്പെടാൻ ഉപയോഗിച്ചിരുന്നത്. ചാറ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ട പല വിദ്യാർത്ഥിനികളേയും പീഡിപ്പിച്ച് അവരുടെ നഗ്ന രംഗങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. ഇയാളുടെ സുഹൃത്തുക്കളിൽ ചിലരേയും പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവരും ഈ മാഫിയയുടെ ഭാഗമാണെന്നാണ് സംശയിക്കുന്നു.വാഹിദ് ഒരു സൈബർ സൈക്കോയാണെന്ന് പൊലീസ് പറയുന്നു.
എട്ടാംക്ലാസ് മുതൽ പ്ലസ്ടുവരെ പഠിക്കുന്ന വിദ്യാർത്ഥിനികളെയാണ് വാഹിദ് വലയിലാക്കുന്നത്. മൊബൈൽ റീച്ചാർജ് ചെയ്യുന്ന കടകളിൽ നിന്ന് ഈ പ്രായത്തിലുള്ള പെൺകുട്ടികളുടെ നമ്പർ സംഘടിച്ചാണ് ബന്ധം തുടങ്ങുന്നത്. അത് വിവിധ ചാറ്റിങ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റും.
സമൂഹമാധ്യമങ്ങൾ വഴിയും പെൺകുട്ടികളുമായി ബന്ധം സ്ഥാപിക്കും. ഇടപെടൽ രീതികൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഒട്ടുമിക്ക പെൺകുട്ടികളും വാഹിദിന്റെ വലയിലാവും. രണ്ടാഴ്ച്ചക്കുള്ളിൽ തന്നെ കുട്ടികളെ വലയിൽ വീഴ്ത്തി സ്വന്തം ഇംഗിതത്തിന് കീഴ്‌പ്പെടുത്തുക എന്നതാണ് വാഹിദിന്റെ രീതി. കുട്ടികളുടെ കുടുംബവിവരങ്ങൾ കൂടി ശേഖരിച്ചാണ് ഇരകളെ തെരഞ്ഞെടുക്കുന്നത്.
കണ്ണൂരിന്റെ പുറത്തുള്ള പെൺകുട്ടികളും വാഹിദിന്റെ ചാറ്റിങ് വലയിൽ കുടുങ്ങിയിട്ടുണ്ട്. സമ്പന്ന കുടുംബാഗമായ വാഹിദ് ദിവസത്തിന്റെ സിംഹഭാഗവും പെൺകുട്ടികളുമായി ചാറ്റിങ് നടത്താനായി ഉപയോഗിക്കാറാണ് പതിവ്.
തളിപ്പറമ്പ് എസ് ഐ കെ.പി.ഷൈൻ, എ എസ് ഐ എ.ജി.അബ്ദുൾറൗഫ്, സീനിയർ സിപിഒമാരായ. സ്‌നേഹേഷ്, ഗിരീഷ്, സിപിഒമാരായ ദിനേഷ്, വിപിൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.