ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന ; മത്സ്യ-മാംസ വ്യാപാര മാർക്കറ്റുകളിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി
സ്വന്തം ലേഖകൻ
ആലപ്പുഴ: ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് മൽസ്യ-മാംസ വ്യാപാര മാർക്കറ്റുകളിലും വഴിയോര കച്ചവട സ്ഥാപനങ്ങളിലും വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയത്. ആലപ്പുഴ പുലയൻ വഴി, സക്കറിയ ബസാർ, കലവൂർ മാർക്കറ്റുകളിലും മവേലിക്കര കല്ലുമല മാർക്കറ്റിലും മണ്ണഞ്ചേരി മുതൽ വണ്ടാനം വരെയുള്ള വഴിയോര കച്ചവടക്കാർക്കിടയിലുമാണ് പരിശോധന നടത്തിയത്.
മൂന്ന് സ്‌ക്വാഡുകളായി നടത്തിയ പരിശോധനയിൽ 42 കേസുകളെടുത്തു.11 പേരിൽ നിന്ന് 21000 രൂപ പിഴ ഈടാക്കി. 31 പേർക്ക് നോട്ടീസ് അയച്ചു. യഥാസമയം മുദ്ര പതിപ്പിക്കാത്തതും ക്യത്യത ഇല്ലാത്തതുമായ ത്രാസുകൾ മാർക്കറ്റുകളിലെ വ്യാപാരികളും വഴിയോര കച്ചവടക്കാരും മത്സ്യവ്യാപാരത്തിന് ഉപയോഗിക്കുന്നതായിട്ടാണ് കണ്ടെത്തിയത്. ഇവരെല്ലാം ഓഫീസ് രേഖകൾ പ്രകാരം കൃത്യത ഉറപ്പ് വരുത്തിയ ത്രാസുകൾ കൈവശം വയ്ക്കുകയും വ്യാപാരത്തിന് മറ്റ് ത്രാസുകൾ ഉപയോഗിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനാലാണ് നടപടികൾ ആരംഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കച്ചവടക്കാർ ഉപയോഗിക്കുന്ന ത്രാസുകളുടെ കൃത്യത ഉറപ്പ് വരുത്തിയിട്ടുണ്ട് എന്നതിന്റെ രേഖകൾ ഉപഭോക്താക്കൾക്ക് ആവശ്യപ്പെടാം. ത്രാസുമായി ഒത്ത് നോക്കാൻ ഉപഭോക്താക്കൾക്ക് നിയമപരമായി അവകാശം ഉണ്ടെന്നും ലീഗൽ മെട്രോളജി അസ്സിസ്റ്റന്റ് കൺട്രോളർ അറിയിച്ചു. തുടർന്നും മാർക്കറ്റുകൾ കേന്ദ്രീകരിച്ച് ജില്ലയിലാകമാനം പരിശോധനകൾ നടത്തും.