ഈരയിൽക്കടവിലെ വിവാദ ആൻസ് കൺവൻഷൻസെന്റർ അടച്ചു പൂട്ടാൻ മുൻസിഫ് കോടതി ഉത്തരവ്: അടച്ചു പൂട്ടാൻ എത്തിയ നഗരസഭ അധികൃതർ കല്യാണം കണ്ടു മടങ്ങി; തിങ്കളാഴ്ച കൺവൻഷൻ സെന്റർ അടച്ചു പൂട്ടിയേക്കും
സ്വന്തം ലേഖകൻ
കോട്ടയം: വിവാദമായ ഈരയിൽക്കടവിലെ ആൻസ് കൺവൻഷൻ സെന്റർ അടച്ചു പൂട്ടാൻ മുൻസിഫ് കോടതി വിധി. അനധികൃതമായി നിർമ്മിച്ചതാണ് എന്നാരോപിച്ച് നഗരസഭ അനുമതി നൽകാതിരുന്നതിനെ തുടർന്നു വിവാദമായ കൺവൻഷൻ സെന്ററാണ് ഇപ്പോൾ അടച്ചു പൂട്ടാൻ കോടതി തന്നെ ഉത്തരവിട്ടിരിക്കുന്നത്. കൺവൻഷൻ സെന്ററിന്റെ സ്ഥല തർക്കവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് ഇപ്പോൾ കേസ് കോടതിയിൽ എത്തിയതെന്നും, കോടതിയിൽ നിന്നും എതിർ ഉത്തരവ് ഉണ്ടായിരിക്കുന്നതിനു പിന്നിലെന്നുമാണ് ലഭിക്കുന്ന സൂചനകൾ.
കഴിഞ്ഞ ദിവസമാണ് ഈരയിൽക്കടവിലെ ആൻസ് കൺവൻഷൻ സെന്റർ അടച്ചു പൂട്ടാൻ മുൻസിഫ് കോടതി ഉത്തരവിട്ടത്. ഈ ഉത്തരവിനു പിന്നാലെ നഗരസഭ അധികൃതർ ശനിയാഴ്ച രാവിലെ കൺവൻഷൻ സെന്റർ അടച്ചു പൂട്ടാൻ എത്തി. എന്നാൽ, ഇവിടെ വിവാഹം നടന്നതിനാൽ കൺവൻഷൻ സെന്റർ അടച്ചു പൂട്ടാതെ നഗരസഭ അധികൃതർ മടങ്ങുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, തിങ്കളാഴ്ച കൺവൻഷൻ സെന്ററിൽ എത്തി കോടതി വിധി നടപ്പാക്കുമെന്നാണ് നഗരസഭ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ചയും, ഞായറാഴ്ചയും ഇവിടെ വിവാഹങ്ങൾക്കായി ബുക്ക് ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നും, കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെന്നും അറിയാതെയാണ് പലരും ഇവിടെ വിവാഹത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.
കോടതി വിധി വന്ന സാഹചര്യത്തിൽ വിവാഹത്തിനു ബുക്ക് ചെയ്തവർക്ക് ഇനി മറ്റൊരു കൺവൻഷൻ സെന്റർ തേടേണ്ടി വരും. വിധിയിൽ സ്റ്റേ അനുവദിക്കുന്നതിനോ, വിധി മാറ്റിക്കിട്ടുന്നതിനോ ആൻസ് കൺവൻഷൻ സെന്റർ അധികൃതർ കോടതിയെ സമീപിച്ചെങ്കിൽ മാത്രമേ ഇനി തുടർ നടപടികൾ സാധ്യമാകൂ. മരട് ഫ്‌ളാറ്റിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ കൺവൻഷൻ സെന്റർ പൊളിച്ചു നീക്കാൻ കോടതി ഉത്തരവ് വന്നാൽ എന്താകുമെന്ന ഭയമാണ് ഇപ്പോൾ ഉയരുന്നത്.