video
play-sharp-fill

എന്നെക്കാളേറെ അവളെ സ്‌നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി ; ഞങ്ങൾക്കിടയിൽ നീ ആദ്യം വേദനയായി വന്നു അവിടെ ഞങ്ങൾ ജയിച്ചു : യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

എന്നെക്കാളേറെ അവളെ സ്‌നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി ; ഞങ്ങൾക്കിടയിൽ നീ ആദ്യം വേദനയായി വന്നു അവിടെ ഞങ്ങൾ ജയിച്ചു : യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

Spread the love

സ്വന്തം ലേഖിക

കോട്ടയം : സ്വന്തം ഭാര്യയെ താൻ സ്‌നേഹിക്കുന്നതിലും കൂടുതലായി സ്‌നേഹിക്കാൻ കാമുകനായി കാൻസർ എത്തിയെന്നറിഞ്ഞപ്പോൾ അവനെ പടിക്കു പുറത്താക്കാൻ കച്ചകെട്ടി ഇറങ്ങിയ ഈ ഭർത്താവും ഭാര്യയും ആയിരങ്ങൾക്ക് പ്രചോദനമാണ്.

25 റേഡിയേഷൻ പിന്നിട്ട് കീമോയ്ക്കായി കാത്തിരിക്കുമ്പോൾ കാൻസറിനോട് പൊരുതി ജീവിക്കുന്ന ബിജ്്മയുടെ ഭർത്താവ് ധനേഷ് മുകുന്ദന്റെ കുറിപ്പ് വൈറലാകുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിപ്പ് വായിക്കാം.

‘എന്നെക്കാളേറെ അവളെ സ്‌നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി’…..

ഞങ്ങൾക്കിടയിൽ നീ ആദ്യം വേദനയായി വന്നു. അവിടെയും ഞങ്ങൾ ജയിച്ചു.

വീണ്ടും നീ ഞങ്ങളെ വേദനയിൽ മുക്കി. അവളിലെ മേനിയെ കീറിമുറിച്ചു കിട്ടാവുന്നതെല്ലാം നീയെടുത്തു. അവിടെയും ഞങ്ങൾ വീണില്ല.

പിന്നീടാണ് ആരുമറിയാതെ നീ അവളെ ഇത്രയേറെ സ്‌നേഹിക്കുന്ന കാര്യം ഞങ്ങൾ അറിയുന്നത്. എന്നിട്ടും നീ ഞങ്ങളെ വിട്ടില്ല.

കണ്ണെഴുതി പൊട്ടുതൊട്ടുമിനുക്കിയ മുഖവും മുടിയും ശരീരവും നിന്റെ വികൃതിയാൽ വികൃതമാക്കി.

തീർന്നില്ല നിന്റെ പ്രണയം. അവളിലെ അഴകിൽ നീ കണ്ണുവച്ചു ഇല്ലായ്മ ചെയ്തു.

‘കാൻസർ എന്ന കാമുകനായി നീ ഞങ്ങളെ തേടി വന്നതെ തെറ്റ്. അവളുടെ നെറ്റിയിൽ ഞാൻ ചാർത്തിയ സിന്ദൂരം ഒന്നുകൂടി നീട്ടി വരയ്ക്കും നിനക്കെതിരെ വിധി പറയാൻ ‘

ശരീരം തളരും… എല്ലുകൾ നുറുങ്ങും.. വേദന അതിലേറെ ശക്തം. അന്നവും വെള്ളവും വിശപ്പിനെ വകവെക്കാതെ വേണ്ടാതാവും.

ഇടക്ക് കുടിക്കുന്ന കഞ്ഞിവെള്ളംപോലും തിരിച്ചു തുപ്പുന്ന അവസ്ഥ. എങ്കിലും ഞങ്ങടെ മനസ്സിനെ തളർത്താനുള്ള കരുത്തൊന്നും ഇല്ലാതായിപ്പോയി നിനക്ക്.

നിനക്കെതിരെ പ്രതിരോധംതീർത്തത് മരുന്ന്‌കൊണ്ടു മാത്രമല്ല. മനസ്സുകൊണ്ടും ഉൾക്കരുത്തുകൊണ്ടും തകർക്കാനാവാത്ത വിശ്വാസംകൊണ്ടുമാണ്. അർബുദമെന്ന നിന്റെ ഉയർച്ച ഞങ്ങൾ ആഘോഷമാക്കിയെങ്കിൽ, നീ എന്ന് തളരുന്നുവോ അതുവരെ ഞങ്ങൾ പൊരുതാൻ ശക്തരുമാണ്.

ഓരോ കീമോയും ഒരു ലഹരിപോലെയായി ഇപ്പോൾ. 25 റേഡിയേഷൻ പാട്ടുകേൾക്കുന്ന ലാഘവത്തോടെ മുന്നേറിയ ഞങ്ങൾക്ക് ഇനി വരാനിരിക്കുന്ന കീമോകൾ വെറും ലഹരി നുണയുന്ന മരുന്നുകൾ മാത്രം.

ഞാൻ സ്‌നേഹിക്കുന്നതിലേറെ അവളെ സ്‌നേഹിച്ച നീ ഞങ്ങളെ തളർത്തി കളഞ്ഞെന്ന് തോന്നുന്നെങ്കിൽ അവിടെ നിനക്ക് പിഴച്ചു. വീണുപോയെന്നുള്ള തോന്നലിനേക്കാൾ കൂടുതൽ മനസ്സിൽ വന്നത് വീഴാതിരിക്കാനുള്ള കരുത്തുതന്നെയാണ്. ആത്മവിശ്വാസത്തിന്റെ ഒരു മതിൽക്കോട്ട തന്നെ നിനക്കെതിരെ ഞങ്ങൾ പണിതുവച്ചിട്ടുണ്ട്.

ഇന്ന് ഞങ്ങൾ ഒറ്റക്കല്ല … ഞങ്ങൾക്ക് ചുറ്റും ഞങ്ങളുടെ കൂടെ പ്രാർത്ഥനയുടെയും സ്‌നേഹത്തിന്റെയും പടവാളേന്തിയ ആയിരങ്ങൾ നിനക്കെതിരെ ശബ്ദിക്കാനുണ്ട്. സ്‌നേഹം ഒരുപാട്…