അബ്കാരി കോൺട്രാക്ടറുടെ വീട്ടിൽ കയറി ആധാരം മോഷ്ടിച്ച സംഭവം : പ്രതികൾ പിടിയിൽ ; കബളിപ്പിച്ചു നടന്ന പ്രതികളെ പൊലീസ് പിടികൂടിയത് തന്ത്രപരമായി
സ്വന്തം ലേഖകൻ
കൊച്ചി : അബ്കാരി കോൺട്രാക്ടറുടെ വീട്ടിൽ കയറി ആധാരം മോഷ്ടിച്ച് സംഭവത്തിൽ കബളിപ്പിച്ചു നടന്ന പ്രതികളെ പൊലീസ് പിടികൂടിയത് തന്ത്രപരമായി. പെരുമ്പാവൂരിലെ അബ്കാരി കോൺട്രാക്ടറുടെ വീട്ടിൽ കയറി ആധാരം മോഷ്ടിച്ച കേസിലാണ് ഒരു മാസത്തിലേറെയായി പിടിതരാതെ മുങ്ങി നടന്ന മോഷ്ടാക്കളെ വിദഗ്ധമായി പൊലീസ് പിടികൂടിയത്.
തോട്ടുവ സ്വദേശികളായ പാറയിൽ കുട്ടൻ എന്നുവിളിക്കുന്ന എയ്‌ജോ (40), പനയിൽക്കുടി വീരപ്പൻ എന്നു വിളിക്കുന്ന നോബി (32) എന്നിവരെയാണ് അബ്കാരി കോൺട്രക്ടർ തോട്ടുവ നെടുങ്കണ്ടത്തിൽ ജോയ് ജോസഫിന്റെ വീട്ടിൽ കയറി ആധാരം മോഷ്ടിച്ച കേസിൽ അറസ്റ്റിലായത്. ഇവരെ സഹായിച്ച എളമ്പകപ്പിള്ളി സ്വദേശിയായ ഓട്ടോഡ്രൈവർ കസ്റ്റഡിയിലുണ്ട്. മോഷണ സംഘത്തിലെ ഒരാൾ ഒളിവിലുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഡിസംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം. ജോയിയും കുടുംബവും വൈകിട്ട് ഏഴിന് വീടുപൂട്ടി പുറത്തേക്കു പോയ തക്കംനോക്കി മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നു. ഇരുനില കെട്ടിടം മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും പണമോ സ്വർണമോ മോഷ്ടാക്കൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ മുകളിലെ നിലയിലെ മുറിയിൽനിന്നു പണം അടങ്ങിയ ബാഗ് എന്നു കരുതി ഒരു സ്യൂട്ട്‌കേസ് മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയി.
മോഷണം നടന്നതറിഞ്ഞ ജോയ് അടുത്തദിവസംതന്നെ പോലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. ഇതിനിടെ മോഷ്ടാക്കളിലൊരാൾ ജോയിയെ ബുധനാഴ്ച ഫോണിൽ ബന്ധപ്പെട്ട് സ്യൂട്ട്‌കേസിലുണ്ടായിരുന്ന ആധാരം തിരികെ വേണമെങ്കിൽ പത്ത് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു.
അത്രയും തന്റെ പക്കൽ ഇല്ലെന്നും മൂന്ന് ലക്ഷം തരാമെന്നും ജോയി പറഞ്ഞു. ഈ തുകയ്ക്കു സമ്മതിച്ച മോഷ്ടാക്കൾ അടുത്തദിവസം മലയാറ്റൂരിൽ വച്ച് ആധാരം കൈമാറാമെന്നു പറഞ്ഞുവച്ചു. ഈ വിവരം പോലീസിൽ അറിയിച്ചാൽ സ്‌കൂളിൽ പഠിക്കുന്ന മകന്റെ മകനെ തട്ടിക്കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ ഇക്കാര്യങ്ങളൊക്കെ ജോയി കോടനാട് പൊലീസിനെ ധരിപ്പിച്ചു. പിന്നീട് പൊലീസ് പ്രതികളെ കുടുക്കാനുള്ള തിരക്കഥ തയാറാക്കി. പണംവാങ്ങാൻ നേരിട്ടെത്തുമെന്നു പറഞ്ഞ പ്രതികൾ പക്ഷേ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ ദൗത്യം ഏൽപ്പിച്ച് പറഞ്ഞയച്ചു. സ്ഥലത്തെത്തിയ ഓട്ടോ ഡ്രൈവർ ആധാരം നൽകി പണം ആവശ്യപ്പെട്ടപ്പോഴേക്കും പൊലീസ് ചാടിവീണു ഡ്രൈവറെ പിടികൂടുകയായിരുന്നു.