play-sharp-fill
സഞ്ജുവിന്റെ കാത്തിരിപ്പ് നീളുന്നു: ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പകരം ആന്ധ്രയുടെ കെ.എസ് ഭരത്

സഞ്ജുവിന്റെ കാത്തിരിപ്പ് നീളുന്നു: ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പകരം ആന്ധ്രയുടെ കെ.എസ് ഭരത്

 

സ്വന്തം ലേഖകൻ

ഡൽഹി: ഇന്ത്യൻ ടീമിലെത്താൻ സഞ്ജുവിന് ഇനിയും കാത്തിരിക്കണം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പകരം ആന്ധ്രയുടെ കെ.എസ് ഭരത്തിനെ ടീമിലെടുത്തു. ന്യൂസിലൻഡിൽ എ ടീമിനൊപ്പം ഉള്ള സഞ്ജു സാംസണെ പരിഗണിക്കാതെയാണ് 26കാരനായ ഭരതിനെ റിസർവ് വിക്കറ്റ് കീപ്പറായി ഇപ്പോൾ ടീമിൽ ഉൾപ്പെടുത്തിയത്.

എം.എസ് ധോണിക്ക് പകരം വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കുന്ന സമയം ഋഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവർക്കൊപ്പം തന്നെ ഉയർന്നുകേട്ടിരുന്ന പേരുകളിലൊന്നാണ് ഭരതിൻറേത്. രാജ്കോട്ടിൽ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തിനു മുമ്പാണ് ഭരതിനെ ടീമിലെടുത്തത്. ഭരതിനോട് ഉടൻ ടീമിനൊപ്പം ചേരാൻ ബിസിസിഐ ആവശ്യപ്പെട്ടു. മുംബൈയിൽ നടന്ന ഒന്നാം ഏകദിനത്തിനിടെ 44-ാം ഓവറിൽ ഓസിസ് പേസർ പാറ്റ് കമ്മിൻസിന്റെ ബോൾ ഹെൽമറ്റിൽ കൊണ്ട് കൺകഷൻ നേരിട്ട പന്ത് ഫീൽഡി0ഗിന് ഇറങ്ങിയിരുന്നില്ല.
പകരം കെ.എൽ. രാഹുലാണ് വിക്കറ്റ് കീപ്പറായത്. ഇതിനു പിന്നാലെ രാജ്‌കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനത്തിനായി പുറപ്പെടുന്ന ഇന്ത്യൻ സംഘത്തിൽ പന്തിനെ ഉൾപ്പെടുത്തിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം 19-ന് നടക്കുന്ന മൂന്നാം ഏകദിനത്തിനു മുമ്പ് പന്ത് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് പന്ത്. ഇന്ത്യ എയ്ക്കു വേണ്ടി ഓസ്ട്രേലിയ എ, ഇംഗ്ലണ്ട് ലയൺസ്, ശ്രീലങ്ക എ എന്നീ ടീമുകൾക്കെതിരെ ഭരത് സെഞ്ചുറി നേടിയിട്ടുണ്ട്. 74 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ കളിച്ച ഭരത് 37.66 ശരാശരിയിൽ ഒമ്പത് സെഞ്ച്വറിയടക്കം 4143 റൺസ് നേടിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിയാണ് 25-കാരനായ ഈ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ എട്ട് സെഞ്ചുറികളും 20 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്. ആന്ധ്രാ പ്രദേശ്, ഡെൽഹി ഡെയർഡെവിൾസ്, ഇന്ത്യ ബ്ലൂ, ഇന്ത്യ റെഡ് ടീമുകൾക്കു വേണ്ടിയും ഭരത് കളിച്ചിട്ടുണ്ട്.

പന്തിന് പരിക്കേറ്റ സാഹചര്യത്തിൽ ഇഷാൻ കിഷൻ, സഞ്ജു വി സാംസൺ എന്നിവരിലാരെയെങ്കിലും ടീമിൽ ഉൾപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ, വിക്കറ്റ് കീപ്പിംഗിലെ മികവ് പരിഗണിച്ചാണ് ഭരതിനെ ഉൾപ്പെടുത്തിയത്. ഇന്ന് 1.30ന് രാജ്കോട്ടിലാണ് ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ഏകദിനം നടക്കുക.
ശ്രീലങ്കക്കെതിരെയുള്ള ട്വന്റി20 മത്സരത്തിൽ സഞ്ജു കളിച്ചെങ്കിലും രണ്ട് പന്തിൽ ആറ് റൺസെടുത്ത് പുറത്താവുകയായിരുന്നു. ന്യൂസിലാൻഡിൽ കളിക്കുന്ന ഇന്ത്യ എ ടീം അംഗമാണ് സഞ്ജു സാംസൺ. മത്സരത്തിൽ നാല് റൺസെടുത്ത് താരം റൺഔട്ടായിരുന്നു.