play-sharp-fill
പൗരത്വം നഷ്ടപ്പെടുമെന്നത് പച്ചക്കള്ളം – അഡ്വ.നൂറനാട് ഷാജഹാൻ റാവുത്തർ

പൗരത്വം നഷ്ടപ്പെടുമെന്നത് പച്ചക്കള്ളം – അഡ്വ.നൂറനാട് ഷാജഹാൻ റാവുത്തർ

സ്വന്തം ലേഖകൻ

കോട്ടയം: പൗരത്വ ഭേദഗതി നിയമ പ്രകാരം ഒരാൾക്ക് പോലും പൗരത്വം നഷ്ടപ്പെടുവാൻ ഭാരതത്തിൽ നിയമമില്ല എന്നും അപ്രകാരമൊരു നിയമവകുപ്പ് ചൂണ്ടിക്കാട്ടുവാൻ എതിർ പ്രചരണക്കാരെ വെല്ലുവിളിക്കുന്നുവെന്നും ആൾ ഇന്ത്യാ മുസ്ലിം റാവുത്തർ അസോസിയേഷൻ അദ്ധ്യക്ഷനും, നാഷണൽ ഫിലിം സെൻസർ ബോർഡ് അംഗവുമായ അഡ്വ.നൂറനാട് ഷാജഹാൻ റാവുത്തർ പറഞ്ഞു.


പൗരത്വ ഭേദഗതി- എന്ത്? എന്ന വിഷയത്തിൽ ഭാരതീയ അഭിഭാഷക പരിഷത്ത് നടത്തിയ സംവാദത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു ഇസ്ളാമിക വിശ്വാസിയായ തന്നെ പോലുള്ള ഭാരതീയർക്ക് യഥാർത്ഥത്തിൽ ആത്മവിശ്വാസം നൽകുന്നതാണ് പൗരത്വ നിർണ്ണയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രി ഒറ്റയ്ക്കോ ആഭ്യന്തര മന്ത്രിയുമായി മാത്രം ചേർന്നോ നടപ്പാക്കിയതല്ല നിയമ ഭേദഗതി. പ്രതിപക്ഷത്തെ വിവിധ രാഷ്ട്രീയ കക്ഷികൾ നിരവധി കാലങ്ങളായി ആവശ്യപ്പെട്ടു വന്ന ഒന്നാണ് ഈ നിയമം. 1955 മുതൽ നിലവിൽ ഉള്ള പൗരത്വം ലഭിക്കുന്നതിനുള്ള സാഹചര്യങ്ങളിൽ ഇസ്ളാം മത സഹോദരർക്ക് ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നല്ലാത്ത എത്രയോ ഇസ്ളാം മതവിശ്വാസികൾ ഇന്നും ഇതേ നിയമപ്രകാരം ഭാരതത്തിൽ പൗരത്വം നേടുന്നുണ്ട്. മറിച്ചുള്ള പ്രചരണം വൈകാരികമായി മതവിദ്വേഷം വളർത്തുവാൻ മാത്രമുള്ളതാണ്.

2014 മുതൽ തന്നെ പാസ്പോർട്ട് നിയമ ചട്ടങ്ങളിലൂടെ മൂന്ന് അയൽ ഇസ്ളാമിക രാജ്യങ്ങളിലെ ആറ് വിഭാഗം മത പീഢനമേറ്റവർക്ക് ഇളവുകൾ നൽകി വന്നതാണ്. ഇതിന്റെ ഭാഗമായി വന്ന ചെറിയ ഒരിളവ് നൽകൽ ഗുണം ചെയ്യുന്നത് പരമാവധി പതിനയ്യായിരം പേർക്ക് മാത്രമാണ്. ഇക്കാര്യത്തിനായി ഇന്ത്യയെ കലാപഭൂമിയാക്കുവാൻ കുപ്രചരണം നടത്തിയ രാഷ്ടീയകക്ഷികൾ അക്ഷന്തവ്യമായ കുറ്റമാണ് ചെയ്തിട്ടുള്ളത് എന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

ഭാരതീയ അഭിഭാഷക പരിഷത്തിന്റെ നേതൃത്വത്തിൽ കോട്ടയത്ത് നടന്ന പൗരത്വ നിയമ വിശദീകരണ സംവാദത്തിൽ വിവിധ പ്രമുഖർ പങ്കെടുത്തു.

കോട്ടയം ബാർ അസ്സോസിയേഷൻ സീനിയർ അഭിഭാഷകനായ അഡ്വ.ഇ.റ്റി.മാത്യു അദ്ധ്യക്ഷനായി. അഡ്വ.അനിൽ ഐക്കര
വിഷയാവതരണം നടത്തി.

ഭാരതീയ അഭിഭാഷക പരിഷത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബി അശോക്, അഡ്വ.ജോസുകുട്ടി മാത്യു, അഡ്വ.സ്മിതാകുമാരി പി., അഡ്വ.എൻ.ശങ്കർ റാം, അഡ്വ. സേതു ലക്ഷ്മി, അഡ്വ.വി.ശ്രീനിവാസ് പൈ, അഡ്വ.ജോഷി ചീപ്പുങ്കൽ, അഡ്വ. അജയ് കുമാർ കെ.ജി. അഡ്വ.അജി.ആർ.നായർ, തുടങ്ങിയവർ സംസാരിച്ചു. അഭിഭാഷകർ വിവിധ പൗരപ്രമുഖരുടെ സംശയങ്ങൾ ദൂരീകരിച്ചു.