നിന്നോട് അനുകമ്പയല്ല,ആദരവും സ്‌നേഹവുമാണുള്ളത് : കാൻസറിനോട് പോരാടുന്ന ആവണിയ്ക്ക് ഡോക്ടറുടെ കുറിപ്പ്
സ്വന്തം ലേഖിക
കോട്ടയം : കാൻസറിനെതിരെ പോരാടി ആത്മവിശ്വാസത്തോടെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തിളങ്ങിയ ആവണിയെ ആരും മറക്കാനിടയില്ല.അന്ന് കേരളത്തിൽ ഓരോരുത്തരുടെയും ഉള്ളിലേക്ക് അവൾ ചേക്കേറിയത്.
ഇപ്പോൾ ആവണിയുടെ നിശ്ചയദാർഢ്യത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ആവണിയുടെ ഡോക്ടർ. കാൻസർ അതിജീവന കൂട്ടായ്മയായിലാണ് ആവണിയെ കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിപ്പ് ഇങ്ങനെ;
ഞാൻ ചികിത്സിച്ചിട്ടുള്ള രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മുതൽ 90 വയസ്സുള്ള വൃദ്ധർ വരെയുള്ള ആയിരക്കണക്കിന് പേരിൽ നിന്നും നീ വ്യത്യസ്തയാകുന്നത് സംസ്ഥാന യുവജനോത്സവത്തിൽ നേടിയ വിലമതിക്കാനാകാത്ത സമ്മാനങ്ങളുടെ പേരിൽ മാത്രമല്ല , മറിച്ച് കാൻസർ എന്ന രോഗത്തിനോട് നീ പുലർത്തിയ ആറ്റിറ്റിയൂഡിന്റെ പേരിലുമാണ്.
കഴിഞ്ഞ പതിനഞ്ച് വർഷമായി കാൻസർ രോഗികളെ ചികിത്സിക്കുന്ന എനിക്ക് ആവണി.., നീയൊരദ്ഭുതമാണ്. .
രോഗം കണ്ടു പിടിച്ച് ചികിത്സിക്കുന്നതിനിടയ്ക്ക് എനിക്കെങ്ങിനെയീ രോഗം വന്നു എന്ന് ഒരിക്കൽ പോലും നീ എന്നോട് ചോദിച്ചിട്ടില്ല. ഓരോ ഒ.പി യിലും, ഐ. പി യിലും ചിരിച്ചു കൊണ്ടേ നീ എന്നെ സമീപിച്ചിട്ടുള്ളൂ. നിന്റെ ആ സമീപനം തന്നെ ഒരു കാൻസർ രോഗ വിദഗ്ധൻ എന്ന നിലയിൽ എനിക്ക് ആത്മവിശ്വാസവും പ്രചോദനവുമായിരുന്നു.
മറ്റുള്ളവരിൽ നിന്ന് നിന്നെ തികച്ചും വ്യത്യസ്തയാക്കുന്ന കാര്യം മുൻപ് പറഞ്ഞ നിന്റെ ആ ആറ്റിറ്റിയൂഡ് തന്നെയായിരുന്നു. തനിക്ക് ഈ രോഗമുണ്ടെന്നും ഈ രോഗത്തെ ഭയപ്പെടേണ്ടതില്ലെന്നും , ചികിത്സിച്ചു ഭേദമാക്കാമെന്നും സാധാരണ എല്ലാവരെയും പോലെ ജീവിതത്തിൽ മുന്നേറി വരാമെന്നുമുള്ള നിന്റെ ആത്മവിശ്വാസമായിരുന്നു.
അങ്കിൾ ഈ രോഗം എനിക്കെങ്ങിനെ വന്നു എന്നല്ല നീ ചോദിച്ചത്, മറിച്ച് എനിക്ക് പഴയതു പോലെ പാട്ടു പാടാൻ കഴിയുമോ എന്നാണ്. ആദ്യ ആഴ്ചയിലെ ട്രീറ്റ്മെന്റിന് ശേഷം നീ എന്നോട് പറഞ്ഞത് ഞാനിന്നുമോർക്കുകയാണ്. അങ്കിൾ എനിക്ക് ശ്വാസം നന്നായി എടുക്കാൻ കഴിയുന്നുണ്ട്. പഴയതിലും നന്നായി എനിക്ക് പാടുവാൻ കഴിയുമെന്ന് നല്ല വിശ്വാസമുണ്ട്. ആ വിശ്വാസം തന്നെയാണ് ആവണീ നിന്നെ ഇവിടെ വരെയെത്തിച്ചത്.
ചികിത്സിച്ചു രോഗം ഭേദമാക്കാൻ കഴിയുന്ന എത്രയോ ഡോക്ടർമാരുണ്ട്. പക്ഷേ ചികിത്സയോടൊപ്പം രോഗിക്ക് വേണ്ട ആത്മവിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഞാൻ കൂടുതൽ ചിന്തിച്ചത്. ഇവിടെ നിന്റെ കേസിൽ ഏറ്റവും പ്രസക്തമായ കാര്യം ഡോക്ടറിലേക്ക് നീ പകർന്ന പൊസിറ്റീവ് എനർജിയാണ്.
മുടി കൊഴിഞ്ഞ് തിരശ്ശീലക്ക് പിറകിലേക്ക് പോയ എത്രയോ പേരുണ്ട്. അവരിൽ നിന്നും നീ തികച്ചും വ്യത്യസ്തയായി കാമറകൾക്ക് മുൻപിൽ വന്ന് എനിക്കീ രോഗമുണ്ടെന്ന് ആർജവത്തോടെ പറഞ്ഞു. മനോഹരമായി പാട്ടു പാടി. കൈ നിറയെ സമ്മാനങ്ങൾ നേടി. നീ രോഗബാധിതരായ വലിയ സമൂഹത്തിന് ഒരു പ്രചോദനമാണ്. പിന്തുടരാവുന്ന മാതൃകയാണ്.
കാൻസറിനെ ആത്മവിശ്വാസം കൊണ്ട് മറി കടക്കാമെന്ന മാതൃക. നിന്നോട് അനുകമ്പയല്ല. മറിച്ച് ആദരവും സ്നേഹവുമാണ്. സംഗീതത്തിന്റെയും, പാട്ടിന്റെയും ലോകത്ത് എല്ലാ ഉയരങ്ങളും നിനക്ക് വെട്ടിപ്പിടിക്കാനാകട്ടെ എന്നാശംസിച്ച് കൊണ്ട് നിർത്തുന്നു.
സ്നേഹപൂർവ്വം.. സ്വന്തം ബോബനങ്കിൾ.