ചട്ടമ്പിക്കല്യാണം നാടുനീങ്ങി: കണ്ണൂരിൽ കയറൂരി വിട്ട് രാഷ്ട്രീയക്കല്യാണം; ചെഗുവേരയും ശിവജിയും കല്യാണ വേദിയിൽ ക്ഷണിക്കാത്ത അതിഥികൾ
സ്വന്തം ലേഖകൻ
കണ്ണൂർ: രാഷ്ട്രീയത്തിന്റെ അതിപ്രസരം കൊണ്ട് ലോകത്തെമ്പാടും കണ്ണൂർ പേരു കേട്ട സ്ഥലമാണ്. ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത രീതിയിലാണ് കണ്ണൂരിലെ രാഷ്ട്രീയ ഏറ്റുമുട്ടലുകളും. ഇത് കല്യാണ വീടുകളിലേയ്ക്കും വ്യാപിക്കുകയാണ് എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.
കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ വിവാഹ വേളയില്‍ രാഷ്ട്രീയ അതിപ്രസരം പിടിമുറുക്കുന്നത് നാടിന്റെ സമാധാനം കെടുത്തുന്നതായാണ് പരാതി. സദ്യയ്ക്ക് വിളമ്പുന്ന അച്ചാറില്‍ വരെ രാഷ്ട്രീയം കാണുന്ന സ്ഥിതിയാണിപ്പോള്‍. രാഷ്ട്രീയ ജ്വരം മൂത്ത ഒരു വിഭാഗമാളുകള്‍ തങ്ങളുടെ സ്വാധീനം തെളിയിക്കാനുള്ള വേദികളാക്കി ഇത്തരം മംഗളകര്‍മ്മങ്ങളെ മാറ്റുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഷ്ട്രിയ സമ്മേളനങ്ങളെ അനുസ്മരിക്കും വിധത്തില്‍ ചെഗുവേരയുടെയും ശിവജിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ചുവപ്പും കാവിയും ടീഷര്‍ട്ടും മുണ്ടു മണിഞ്ഞാണ് വിവാഹ വീട്ടിലേക്ക് രാഷ്ട്രീയ തിമിരം ബാധിച്ചവരുടെ വരവ്.തങ്ങളുടെ രക്തസാക്ഷികളുടെയും ബലിദാനികളുടെയും ചിത്രങ്ങളുള്ള ഫ്ളക്സുകള്‍ വിവാഹ വീടിനു മുന്‍പിലും. വീട്ടിലേക്കുള്ള വഴികളിലും ഇവര്‍ സ്ഥാപിക്കുകയാണ്.
ഇതിനെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയാണ്.നേരത്തെ ഒരു സംഘം മദ്യപന്‍മാര്‍ അഴിഞ്ഞാടിയിരുന്ന ചട്ടമ്പിക്കല്യാണം നാടുനീങ്ങിയതോടെ തലശ്ശേരി മേഖലയില്‍ രാഷ്ട്രീയക്കല്യാണം അരങ്ങുവാഴുകയാണ്.
ഇപ്പോള്‍ ഈ മേഖലയില്‍ വിവാഹ ചടങ്ങുകള്‍ക്കും രാഷ്ട്രീയ നിറം നല്‍കുന്നത് സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടുകയാണ്.
രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളേയും ചിഹ്നങ്ങളേയും ഓര്‍മ്മിപ്പിക്കുന്ന അലങ്കാരങ്ങളും ബാനറുകളും ബോര്‍ഡുകളും ഗാനമേളകളില്‍ ആലപിക്കുന്ന പാര്‍ട്ടിഗാനങ്ങളും താലികെട്ട് വേളകളില്‍ പോലും അനുവര്‍ത്തിക്കുന്ന രാഷ്ട്രീയ ധ്വനികളുള്ള സംഘടിതമായ ആലാപനങ്ങളുമെല്ലാം അരോചകമാവുകയാണ്. ഇത് എതിര്‍ വിഭാഗത്തിന് സഹിക്കാവുന്നതിനുമപ്പുറമാകുമ്പോള്‍ അവിടെ സംഘര്‍ഷം ഉടലെടുക്കുകയാണ്.
കഴിഞ്ഞ ദിവസം ഈസ്റ്റ് പള്ളൂരില്‍ വിവാഹ വീട്ടില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പൊലീസിന് ഇടപെടേണ്ടിവന്നു. രംഗം ശാന്തമാകുന്നതുവരെ കല്യാണ വീട്ടുകാര്‍ക്ക് നിസ്സഹായരായി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. മുമ്പ് ‘ചട്ടമ്പിക്കല്യാണങ്ങളാണ് നാടിന് തലവേദന സൃഷ്ടിച്ചിരുന്നത്.
വിവാഹ മുഹൂര്‍ത്തങ്ങളില്‍ മദ്യപിച്ച് ആഭാസ പ്രകടനങ്ങള്‍ നടത്തുകയും കല്യാണ വീടിന് പുറത്ത് നവ വരന്റെ പൂര്‍വകാല ‘ ചരിത്രം ‘പച്ചയായി എഴുതി വെക്കുകയും സോപ്പ് കുമിള പ്രയോഗം തൊട്ട് കാളവണ്ടിയില്‍ സഞ്ചരിപ്പിക്കുന്ന ഏര്‍പ്പാടുകള്‍ വരെ നടന്നിരുന്നു. വിവാഹ വേളകളില്‍ അശ്ളീലകരമായ കമന്റുകള്‍ പറയുക, വധു് വരന്‍മാരെ കാന്താരി കഷായവും ഉപ്പുപായസവും കുടിപ്പിക്കുക തുടങ്ങിയ ഒട്ടേറെ ആഭാസങ്ങള്‍ ഇപ്പോഴും നടന്നു വരികയാണ്.
ഇതിനു പുറമേയാണ് വിവാഹങ്ങള്‍ക്ക് രാഷ്ട്രീയ നിറം നല്‍കുന്നതും .ഇതു ഏതുവിധേനയും മക്കളെ കെട്ടിച്ചു വിടാന്‍ പാടുപെടുന്ന രക്ഷിതാക്കളുടെ മനസില്‍ തീ കോരിയിടുകയാണ് നാട്ടിലെ ഉത്സവപ്പറമ്പുകളില്‍ മാത്രമല്ല, വിവാഹ വീടുകളും പൊലീസുകാര്‍ക്ക് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്ന ഇടങ്ങളായി മാറുകയാണ്.
വിവാഹത്തിനും പൊലീസിനെ നിയോഗിക്കേണ്ട അവസ്ഥയാണുള്ളത്. ഇതിന്റെയൊക്കെ പിന്നില്‍ ഉത്തേജനം പകരുന്നത് വിവാഹ വീട്ടില്‍ കല്യാണത്തിന് മൂന്ന് ദിവസം മുമ്പ് തന്നെ ആരംഭിക്കുന്ന ‘ഓപ്പണ്‍ ബാറു’കളാണ്. വിദ്യാര്‍ത്ഥികളടക്കമുള്ള കുട്ടിക്കുടിയന്മാര്‍ രംഗത്തിറങ്ങുന്നത് ഇവിടെ വെച്ചാണ്.
വിശുദ്ധമായ വിവാഹ ചടങ്ങുകളില്‍ പോലും രാഷ്ട്രീയ അതിപ്രസരമുണ്ടാകുന്നതും സാമൂഹ്യ അതിര്‍ വരമ്പുകള്‍ ലംഘിക്കപ്പെടുന്നതും ജനങ്ങളില്‍ ആശങ്കയും ഭീതിയും വളര്‍ത്തുകയാണ്. പൊലീസിനാകട്ടെ, പുതിയ തലവേദനയായി ഇത്തരം വിവാഹ ചടങ്ങുകള്‍ മാറുകയാണ്.