ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ; കെ.എസ്.ആർ.ടി.സിയും പണിമുടക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ട്രേഡ് യൂണിയൻ സംയുക്ത സമിതി നടത്തുന്ന ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ആരംഭിക്കും. ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. കെ.എസ്.ആർ.ടി.സിയും പണിമുടക്കും. തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 21,000 രൂപയാക്കുക, 10,000 രൂപ പ്രതിമാസ പെൻഷൻ നൽകുക, പൊതുമേഖലാ സ്വകാര്യവൽക്കരണം നിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
ബി.എം.എസ് ഒഴികെയുള്ള എല്ലാ കക്ഷികളും സംസ്ഥാനത്തു പണിമുടക്കിൽ പങ്കെടുക്കുമെന്നു സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അറിയിച്ചു. ട്രേഡ് യൂണിയനുകളും കേന്ദ്രസംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ ജീവനക്കാരുടെയും സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുമെന്നു സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തു കടകളും ഹോട്ടലുകളും പൂർണമായി അടച്ചിടും. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഓട്ടോ ടാക്‌സിയും പണിമുടക്കിൽ പങ്കെടുക്കും. സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.അതേസമയം, ശബരിമല തീർഥാടകർ, ആശുപത്രി, ടൂറിസം മേഖല, പാൽ, പത്രം, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അറിയിച്ചു.