‘ഗാംഗുലി സഹായിക്കണം’ : അഭ്യർത്ഥനയുമായി പാക് മുൻ ക്യാപ്റ്റൻ
സ്വന്തം ലേഖകൻ
ലാഹോർ: ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് ബന്ധം വീണ്ടും ആരംഭിക്കാൻ ബി.സി.സി.ഐ പ്രസിഡന്റും ഇന്ത്യയുടെ മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ഇടപെടണമെന്ന ആവശ്യവുമായി പാകിസ്താന്റെ മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങൾ തുടങ്ങുന്നതിനുള്ള നടപടിയെടുക്കാൻ ഗാംഗുലി പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ സഹായിക്കണമെന്നും റാഷിദ് ലത്തീഫ് പറയുന്നു. 2004-ൽ ബി.സി.സി.ഐയ്ക്ക് താത്പര്യമില്ലാഞ്ഞിട്ടും പാകിസ്താനിൽ ഇന്ത്യ കളിക്കാനെത്തിയത് ഗാംഗുലിയുടെ കഴിവുകൊണ്ടാണെന്നും റാഷിദ് ലത്തീഫ് ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ക്രിക്കറ്റ് താരം എന്ന നിലയ്ക്കും ബി.സി.സി.ഐ പ്രസിഡന്റായും ഗാംഗുലിക്ക് പാക് ക്രിക്കറ്റ് ബോർഡിനെ സഹായിക്കാനാകും. ഇരുടീമുകളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര വീണ്ടും തുടങ്ങാതെ കാര്യങ്ങൾ മുന്നോട്ടുപോകില്ല.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കളി കാണാൻ ആരാധകർക്ക് ആഗ്രഹമുണ്ട്. ക്രിക്കറ്റിലെ വൻശക്തികൾ പാകിസ്താനിലെത്തി കളിക്കാൻ പാക് ക്രിക്കറ്റ് ബോർഡ് സി.ഇ.ഒ വസീം ഖാൻ ഇടപെടണം. എങ്കിൽ മാത്രമേ പാക് ക്രിക്കറ്റിനും കളിക്കാർക്കും അത് സഹായകരമാകൂ. റാഷിദ് ലത്തീഫ് വ്യക്തമാക്കുന്നു.
2004-ൽ പാക് പര്യടനം നടത്തിയ ഇന്ത്യ ഏകദിന പരമ്പര 3-2നും ടെസ്റ്റ് പരമ്പര 2-1നും സ്വന്തമാക്കിയിരുന്നു. അന്ന് ഗാംഗുലിയാണ് പാകിസ്താനിൽ കളിക്കാൻ മുൻകൈയെടുത്തത്. എന്നാൽ 2008 മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ വന്നതോടെ ഐ.സി.സി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നത്.
ഏറെ വർഷങ്ങൾക്ക് ശേഷം അടുത്തിടെ ഒരു ടെസ്റ്റ് മത്സരത്തിന് പാകിസ്താൻ വേദിയായിരുന്നു. ശ്രീലങ്കയ്ക്കെതിരായ പരമ്പര 2-0ത്തിന് പാകിസ്താൻ വിജയിക്കുകയും ചെയ്തു. രാജ്യാന്തര മത്സരങ്ങൾ നടക്കാത്തതിനാൽ പാകിസ്താനിലെ ക്രിക്കറ്റ് ഗ്രൗണ്ടുകൾ നശിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ആശ്വാസം പകർന്ന് ശ്രീലങ്ക, പാകിസ്താൻ പര്യടനത്തിന് തയ്യാറായത്.