video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
Homeflashപൗരത്വ ബില്ലിന്റെ പേരിൽ ഭിന്നിപ്പിക്കുന്നവർ കാണുക: ഇതാണ് കേരള മാതൃക; അച്ഛനില്ലാത്ത നിർദ്ധനയായ ഹിന്ദു പെൺകുട്ടിയുടെ...

പൗരത്വ ബില്ലിന്റെ പേരിൽ ഭിന്നിപ്പിക്കുന്നവർ കാണുക: ഇതാണ് കേരള മാതൃക; അച്ഛനില്ലാത്ത നിർദ്ധനയായ ഹിന്ദു പെൺകുട്ടിയുടെ വിവാഹം നടത്തുന്നത് മഹല്ല് കമ്മിറ്റി

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: പൗരത്വ ബില്ലിന്റെ പേരിൽ മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്തി നാട് കടത്താൻ ശ്രമിക്കുന്നവർ കാണുക കേരളത്തിന്റെ ഈ ഐക്യം. പിറന്ന നാട്ടിൽ സഹോദര തുല്യരായി കേരള മണ്ണിൽ ഹിന്ദുവും മുസൽമാനും ഒന്നായി കഴിയുന്നു. മനുഷ്യർ ഒന്നാണെന്നും ചോരയുടെ നിറം ചുവപ്പാണെന്നും ഈ കൊച്ച് കേരളം വീണ്ടും കാട്ടിത്തരുന്നു..!

നിര്‍ധനയായ ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ മുന്‍കൈയെടുത്ത് കായംകുളം ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് കേരളത്തിന്റെ   മതമൈത്രിയുടെ മനുഷ്യത്വം തുളുമ്പുന്ന മാതൃക കാട്ടിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയുടെ മാതാവിന്റെ അഭ്യര്‍ത്ഥന പ്രകാരം വിവാഹം നടത്തിക്കൊടുക്കാമെന്ന് പള്ളി കമ്മിറ്റി വാക്കുകൊടുക്കുകയായിരുന്നു. കായംകുളം ചേരവള്ളി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകള്‍ അഞ്ജുവിന്റെ വിവാഹമാണ് പള്ളി കമ്മിറ്റി ആഘോഷപൂര്‍വം നടത്താന്‍ പോകുന്നത്.

ജനുവരി 19 ഞായറാഴ്ചയാണ് വിവാഹം. കാപ്പില്‍ സ്വദേശി ശരത് ശശിയാണ് അഞ്ജുവിന്റെ വരനായി എത്തുന്നത്.

വിവാഹ ചടങ്ങിന് ക്ഷണക്കത്തും പള്ളി കമ്മിറ്റി തന്നെ ഇറക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുക്കും.

വിധവയായ ബിന്ദു വാടകവീട്ടിലാണ് താമസിക്കുന്നത്. സ്വര്‍ണപ്പണിക്കാരന്‍ ആയിരുന്ന ബിന്ദുവിന്റെ ഭര്‍ത്താവ് രണ്ടുവര്‍ഷം മുമ്പാണ് മരിച്ചത്. സ്വന്തമായി ഭൂമി ഇല്ലാത്ത കുടുംബത്തിന് വാടക വീടിന്റെ ഉടമയാണ് മൃതദേഹം മറവുചെയ്യാനായി സ്ഥലം നല്‍കിയത്.

ഭര്‍ത്താവ് മരിച്ചതോടെ വരുമാനം നിലച്ച കുടുംബം ദിവസച്ചിലവിന് തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു. മൂന്നുമാസം മുമ്പാണ് ബിന്ദു കുടുംബത്തിലെ അവസ്ഥയില്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീനെ സമീപിക്കുന്നത്.

നുജുമുദ്ദീന്‍ ഇക്കാര്യം പള്ളിയില്‍ ചര്‍ച്ചയ്ക്ക് വെച്ചു. കാര്യം അറിഞ്ഞപ്പോള്‍ മഹല്ല് കമ്മിറ്റി അംഗങ്ങള്‍ക്ക് പൂര്‍ണ സമ്മതം. പള്ളിയുടെ ഗ്രൗണ്ടില്‍ കല്യാണം നടത്താന്‍ തീരുമാനമായി. പെണ്‍കുട്ടിക്ക് നല്‍കേണ്ട സ്വര്‍ണവും മറ്റും സ്വരൂക്കൂട്ടാന്‍ പള്ളി കമ്മിറ്റി അംഗങ്ങള്‍ തന്നെ രംഗത്തിറങ്ങി.

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. സഹായവുമായി നിരവധിപേര്‍ രംഗത്തെത്തി. പത്തു പവനും രണ്ടുലക്ഷം രൂപയും പെണ്‍കുട്ടിക്ക് കൊടുക്കാനായി പള്ളി കമ്മിറ്റി നേടിയെടുത്തു. രണ്ടുലക്ഷം രൂപ പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനാണ് മഹല്ല് കമ്മിറ്റിയുടെ തീരുമാനം.

‘ബിന്ദുവിന്റെ വിഷമം അറിഞ്ഞപ്പോള്‍, നമ്മളെങ്ങനെ സഹായിക്കാതിരിക്കും എന്നാണ് പള്ളി കമ്മിറ്റി അംഗങ്ങള്‍ ചോദിച്ചത്. വിവാഹ ക്ഷണക്കത്തുമായി നാട്ടിലിറങ്ങിയപ്പോള്‍ ജനങ്ങള്‍ക്കും നിറഞ്ഞ സ്‌നേഹം. പള്ളി ചെയ്യുന്നത് ഏറ്റവും മഹത്തരമായ കാര്യമാണെന്ന് നാട്ടുകാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. അഞ്ഞൂറുപേര്‍ക്കുള്ള സദ്യയും ഒരുക്കുന്നുണ്ട്. വിവാഹത്തിന് നേതൃത്വം നല്‍കുന്ന പൂജാരിക്ക് വരെ പണം നല്‍കുന്നത് പള്ളി തന്നെയാണ്. അച്ഛനില്ലാത്ത കുട്ടിയാണ്…ഒരു ചെലവും ചുരുക്കരുത്, എല്ലാം അതിന്റെ ഭംഗിയില്‍ തന്നെ നടത്തണം… സന്തോഷത്തോടെ ആ കുട്ടി പുതിയ ജീവിതത്തിലേക്ക് കടക്കണം…’- പള്ളി കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments