play-sharp-fill
അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു;  അന്താരാഷ്ട്ര വിപണിയിൽ നാല് ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി

അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു; അന്താരാഷ്ട്ര വിപണിയിൽ നാല് ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി

 

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രാൻഡ് ക്രൂഡിന്റെ വില ബാരലിന് 69.16 ഡോളറായി വർദ്ധിച്ചു. അമേരിക്കൻ വിപണിയിൽ 62.94 ഡോളർ എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം തുടരുന്നത്. സംസ്ഥാനത്ത് പെട്രോളിന് 7 പൈസയും ഡീസലിന് 13 പൈസയും വില ഉയർന്നു. കൊച്ചിയിൽ പെട്രോൾ വില 77.38 ആയി , ഡീസലിന് 71.97 ഉം. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ അസംസ്‌കൃത എണ്ണ വില കുതിച്ചുയർന്നത്. അന്താരാഷ്ട്ര വിപണിയിൽ നാല് ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.

ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ ചാര തലവൻ കൊല്ലപ്പെട്ടതോടെ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്.ലോകരാഷ്ട്രങ്ങൾ യുദ്ധ സാധ്യത വിലയിരുത്തുന്നതിനിടെയാണ് എണ്ണ വില വർദ്ധിക്കുന്നത്. ഇരു വിപണിയിലും വില മൂന്ന് ശതമാനം ഉയർന്നു. ഇറാനും ഇറാഖും കഴിഞ്ഞ ഒരുമാസം പ്രതിദിനം 6.7 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്. ഒപെകിന്റെ ആകെ ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് വരുമിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കമാൻഡർ കാസിം സുലൈമാനി അടക്കമുള്ളവർ കൊല്ലപ്പെട്ടതിനെ ഇറാൻ ശക്തമായി അപലപിച്ചു. അമേരിക്കൻ നടപടി ഭീകര പ്രവർത്തനത്തിന് തുല്ല്യമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് പറഞ്ഞു. ഐഎസ്, അൽഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകൾക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന ഖുദ് സേനാ തലവനെയാണ് അമേരിക്ക വധിച്ചതെന്നും ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങൾക്കും സംഭവവികാസങ്ങൾക്കും ട്രംപ് ഭരണകൂടമായിരിക്കും ഉത്തരവാദികളെന്നും ഇറാൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.