മലയാള സിനിമയിൽ പിടിച്ചു നിൽക്കണമെങ്കിൽ പലരെയും തൃപ്തിപ്പെടുത്തണം ; സിനിമാ രംഗത്തെ വിവേചനങ്ങൾ ചൂണ്ടിക്കാട്ടി ഹേമ കമ്മിഷൻ റിപ്പോർട്ട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മലയാള സിനിമാ രംഗത്ത് പിടിച്ചു നിൽക്കണമെങ്കിൽ പലരെയും തൃപ്തിപ്പെടുത്തണമെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ട്. സിനിമാ മേഖലയിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ളവർ പലവിധ വിവേചനങ്ങൾ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഹേമ കമ്മിഷൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചു. ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സിനിമയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ട്രൈബ്യൂണൽ സ്ഥാപിക്കണമെന്നും അതിനായി നിയമനിർമ്മാണം നടത്തണമെന്നും കമ്മിഷൻ ശുപാർശ ചെയ്തു. അഞ്ചുകൊല്ലം പ്രാക്ടീസ് ഉള്ള ഡിസ്ട്രിക്ട് ജഡ്ജ് ആകണം ട്രൈബ്യൂണലിൽ ഉണ്ടാകേണ്ടത്.
ലഭിക്കുന്ന പരാതികളിന്മേൽ ട്രയൽ നടത്തണം. കുറ്റവാളികളെ നിശ്ചിത കാലത്തേക്കു മാറ്റിനിറുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ സ്ത്രീകൾ വലിയ തോതിലുള്ള വിവേചനം നേരിടുന്നതായി ബോദ്ധ്യമായിട്ടുണ്ട്. തെളിവെടുപ്പിനിടെ സംസാരിക്കാൻ പുരുഷന്മാരും സ്ത്രീകളും വിമുഖത കാട്ടിയതും പലരും സംസാരിക്കാൻ തയ്യാറാകാത്തതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവസരങ്ങൾ, വേതനം തുടങ്ങിയ കാര്യങ്ങളിലാണ് സിനിമാരംഗത്ത് പധാനമായും വിവേചനം നേരിടുന്നത്. സ്ത്രീകൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെക്കുറിച്ചും റിപ്പോർട്ടിലുണ്ട്. ചലച്ചിത്ര രംഗത്ത് കടന്നുവരുന്ന സ്ത്രീകൾ ലൈംഗിക പീഡനത്തിനിരയാകുന്ന അനുഭവങ്ങളും റിപ്പോർട്ടിൽ തെളിവുസഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ചലച്ചിത്രവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ എത്തിപ്പെടുന്നതിന് പലപ്പോഴും ലൈംഗിക ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കേണ്ട ദുരനുഭവങ്ങൾ ഉണ്ടായിട്ടുള്ളവരുമുണ്ട്. ഇത്തരം അനുഭവമുള്ളവർ പലപ്പോഴും പൊലീസിൽ പരാതിപ്പെടാറില്ല. ചലച്ചിത്ര രംഗത്തെ സ്ത്രീകൾക്കുനേരെ സൈബർ ഇടങ്ങളിലും സൈബർ മാർഗങ്ങൾ ഉപയോഗിച്ചും ഉണ്ടാകുന്ന അക്രമങ്ങൾ കമ്മിഷൻ പ്രത്യേകം പരാമർശിക്കുന്നുണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗത്തെത്തുടർന്ന് ഉണ്ടാകുന്ന അതിക്രമങ്ങളെയും അശ്ലീല പദപ്രയോഗങ്ങളെയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കും കുറ്റം ചെയ്യുന്നവർക്കും പിഴ ചുമത്തുന്നതിനും വ്യവസായത്തിൽ നിന്നു വിലക്കുകൾ ഉൾപ്പെടെ ഏർപ്പെടുത്തുന്നതിനും നിബന്ധനകൾ വച്ചിട്ടുണ്ട്. ശാരദ, കെ.ബി.വത്സലകുമാരി എന്നിവരുടെ അഭിപ്രായങ്ങളും വിശദമായി റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിയെ കണ്ടതിനുശേഷം മന്ത്രി എ.കെ. ബാലനുമായും ജസ്റ്റിസ് ഹേമ കമ്മിഷൻ കൂടിക്കാഴ്ച നടത്തി. ജസ്റ്റിസ് ഹേമയ്ക്കു പുറമേ നടി ശാരദയും കമ്മിഷനിൽ അംഗമാണ്. രണ്ടു വർഷത്തോളമായി സിനിമാ മേഖലയിലെ നിരവധി പേരെ കണ്ട്, തെളിവെടുത്ത ശേഷമാണ് റിപ്പോർട്ട് നൽകിയത്.