സാമ്പത്തിക തർക്കം: കാണക്കാരിയിൽ പട്ടാപ്പകൽ അക്രമി ഹോട്ടൽ പെട്രോൾ ഒഴിച്ച് കത്തിച്ചു; കടയുടമയ്ക്കും അക്രമിയ്ക്കും പൊള്ളലേറ്റു
ക്രൈം ഡെസ്‌ക്
കോട്ടയം: സാമ്പത്തിക തർക്കത്തെ തുടർന്ന് കാണക്കാരിയിൽ അക്രമി പെട്രോൾ ഒഴിച്ച് ഹോട്ടൽ കത്തിച്ചു. ആക്രമണത്തിൽ ഹോട്ടൽ ഉടമയ്ക്കും അക്രമിയ്ക്കും പൊള്ളലേറ്റു. ഹോട്ടൽ ഉടമ കോതനല്ലൂർ പാലത്തടത്തിൽ പി.സി ദേവസ്യ (അപ്പച്ചൻ – 60), കാണക്കാരി പൊന്നമ്മാക്കൽ തോമസ് (ബേബി- 72) എന്നിവരെ പൊള്ളലേറ്റ നിലയിൽ തെള്ളകത്തെ മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ ഒൻപതരയോടെ കാണക്കാരിയിലായിരുന്നു അക്രമ സംഭവങ്ങൾ. ബേബിയും അപ്പച്ചനും തമ്മിൽ നേരത്തെ മുതൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ദേവസ്യയുടെ ഉടമസ്ഥതയിൽ കാണക്കാരിയിലും കോതനല്ലൂരിലുമായി രണ്ടു ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ഹോട്ടലുകളിൽ ഒന്നിന്റെ കെട്ടിടത്തിന്റെ ഉടമസ്ഥനാണ് അക്രമം നടത്തിയ ബേബി. ഹോട്ടൽ കെട്ടിടത്തിന്റെ വാടകയെച്ചൊല്ലി നേരത്തെ മുതൽ തന്നെ ഇരുവരും വാക്കേറ്റവും തർക്കവുമുണ്ടായിരുന്നു. രണ്ടാഴ്ച മുൻപ് ഇരുവരും തമ്മിൽ കടയ്ക്കു മുന്നിൽ വച്ച് ഏറ്റുമുട്ടിയിരുന്നതായി നാട്ടുകാരും പറയുന്നു. ഇതേ തുടർന്നാണ് വെള്ളിയാഴ്ച രാവിലെ വാടകയെപ്പറ്റി സംസാരിക്കാൻ ബേബി ഹോട്ടലിൽ എത്തിയത്.
ബേബി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ അപ്പച്ചൻ ഹോട്ടലിനുള്ളിലേയ്ക്കു കയറിപ്പോയി. ഇതേ തുടർന്ന് ക്ഷുഭിതനായ ബേബി കയ്യിൽ കരുതിയിരുന്ന കുപ്പിയിലെ പെട്രോൾ ഹോട്ടലിനുള്ളിലേയ്ക്കു ഒഴിച്ച ശേഷം തീവയ്ക്കുകയായിരുന്നു. തീ ആളിപ്പടർന്നാണ് ബേബിയ്ക്കും അപ്പച്ചനും പൊള്ളലേറ്റത്.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയ ശേഷം രണ്ടു പേരെയും തെള്ളകത്തെ മാതാ ആശുപത്രിയിൽ എത്തിച്ചു. രണ്ടു പേരുടെയും സ്ഥിതി ഗുരുതരമല്ല. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്. അപ്പച്ചന്റെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് കുറവിലങ്ങാട് എസ്.ഐ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.