
ബുംറയില്ലാതിറങ്ങിയിട്ടും ഗുജറാത്തിന് മുന്നിൽ കേരളത്തിന് രക്ഷയില്ല: സഞ്ജു പൊരുതിയിട്ടും രഞ്ജിയിൽ കേരളത്തിൽ വമ്പൻ തോൽവി
സ്‌പോട്‌സ് ഡെസ്‌ക്
വഡോധര: സഞ്ജു ഒരറ്റത്ത് നിന്നു പൊരുതി നോക്കിയിട്ടും ബൗളിംങിനെ പിൻതുണയ്ക്കുന്ന സൂറത്തിലെ പിച്ചിൽ കേരളത്തിന്റെ ബാറ്റിംങ് നിരയ്ക്കു പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ഫലമോ ഒന്നര ദിവസം കൂടി ബാക്കി നിൽക്കെ രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് 90 റണ്ണിന്റെ വൻ തോൽവി.
രണ്ടു ദിവസവും പത്തു വിക്കറ്റും ശേഷിക്കെ കേരളത്തിന് ഗുജറാത്തിനെ പരാജയപ്പെടുത്താൻ വേണ്ടിയിരുന്നത് 242 റണ്ണു കൂടിയായിരുന്നു. ആദ്യ ഇന്നിംങ്‌സിൽ 70 റണ്ണിന് പുറത്തായ കേരളം വിജയിക്കണമെങ്കിൽ ആത്ഭുതകരമായ ഒരു പ്രകടനം വേണ്ടിയിരുന്നു. പക്ഷേ, ആ അത്ഭുതകരവും വിജയത്തിലേയ്ക്കു എത്തിക്കുന്നതിനുമുള്ള പ്രകടനം കേരളത്തിന്റെ താരങ്ങളിൽ നിന്നും ഉണ്ടായില്ല. ആദ്യ ഇന്നിംങ്‌സിലെ നാണം കെട്ട എഴുപത് എന്ന സ്‌കോറിനു പകരം രണ്ടാം ഇന്നിംങ്‌സിൽ 177 റണ്ണെടുക്കാൻ സാധിച്ചു എന്നത് മാത്രമാണ് ആശ്വാസമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം ദിനം 26 റണ്ണിന് വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ മുന്നേറിയ കേരളം പത്ത് റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും ആദ്യ വിക്കറ്റ് തെറിച്ചു. 23 റണ്ണെടുത്ത വിഷ്ണു വിനോദ് കലേരിയയുടെ പന്തിൽ ജുനേജയ്ക്കു ക്യാച്ച് നൽകി മടങ്ങി. 57 ൽ 20 പന്തിൽ ഏഴു റണ്ണെടുത്ത മോനിഷ് വീണു. വിഷ്ണുവിനൊപ്പം ഓപ്പണറായി ഇറങ്ങിയ ജലജ് സക്‌സേന 46 പന്തിൽ 29 റണ്ണെടുത്തു നിൽക്കെ 66 ൽ മടങ്ങി. ഇതിനു പിന്നാലെ സഞ്ജുവും റോബിൻ ഉത്തപ്പയും ക്രീസിൽ ഒത്തു ചേർന്നു.
രണ്ട് ഇന്ത്യൻ താരങ്ങൾ ക്രീസിൽ നിന്നപ്പോൾ കേരളത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തു. 14 പന്തിൽ ഏഴു റൺ മാത്രം എടുത്ത ഉത്തപ്പ എട്ടു റൺ മാത്രം ടീം സ്‌കോറിൽ കൂട്ടിച്ചേർത്ത് 74 ൽ പുറത്തായി. സഞ്ജുവിന് മികച്ച പിൻതുണ നൽകിയ സച്ചിൻ ബേബി 61 പന്തിൽ 11 റൺ മാത്രം എടുത്ത് സ്‌കോർ 129 ൽ നിൽക്കെ പവലിയനിലേയ്ക്കു തിരികെ നടന്നു. 33 റൺ കൂടി ടീം സ്‌കോറിലേയ്ക്കു സംഭാവന ചെയ്ത സഞ്ജു 82 പന്തിൽ 78 റണ്ണെടുത്ത് 162 ൽ കൂടാരം കയറി. സഞ്ജു മടങ്ങിയ ശേഷം 15 റൺ സ്‌കോർ ബോർഡിൽ എത്തിയപ്പോഴേയ്ക്കും കേരളം ഓൾ ഔട്ടായി.
സഞ്ജുവിനു ശേഷം ക്രീസിൽ എത്തിയ പി.രാഹുൽ (23 പന്തിൽ അഞ്ച്) , മുഹമ്മദ് അസിറുദീൻ (19 പന്തിൽ 11) , ബേസിൽ തമ്പി (0) , കെ.എം ആസിഫ് (0) എന്നിവർക്ക് കാര്യമായ സംഭാവന ചെയ്യാൻ സാധിച്ചില്ല. ആറു പന്തിൽ നാലു റണ്ണെടുത്ത സന്ദീപ് വാര്യർ പുറത്താകാതെ നിന്നു.
ബുംറയെ ഭയന്നിരുന്ന കേരളത്തെ രണ്ടാം ഇന്നിംങ്‌സിൽ നിലംപരിശാക്കിയത് ഇന്ത്യൻ താരം അക്‌സർ പട്ടേലാണ്. പട്ടേൽ വീഴ്ത്തിയ നാലു വിക്കറ്റുകളാണ് കേരളത്തെ തവിടുപൊടിയാക്കിയത്. ഗജ മൂന്നും കലേറിയ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.