play-sharp-fill
എ.കെ ശശീന്ദ്രനെ എൻസിപി അധ്യക്ഷനാക്കി മാണി സി കാപ്പനെ മന്ത്രിയാക്കാൻ നീക്കം

എ.കെ ശശീന്ദ്രനെ എൻസിപി അധ്യക്ഷനാക്കി മാണി സി കാപ്പനെ മന്ത്രിയാക്കാൻ നീക്കം

 

സ്വന്തം ലേഖിക

തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ എൻസിപിയുടെ സംസ്ഥാന അധ്യക്ഷനാക്കിക്കൊണ്ട് മാണി സി. കാപ്പനെ മന്ത്രിയാക്കാൻ നീക്കം. തോമസ് ചാണ്ടിയുടെ വിയോഗത്തോടെ ടി.പി. പീതാംബരനെ താൽക്കാലിക അധ്യക്ഷനാക്കി പാർട്ടിയിലും മന്ത്രിസഭയിലും അഴിച്ചുപണിയാണ് എൻസിപി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. ഫെബ്രുവരി മാസത്തോടെ മാണി സി. കാപ്പൻ മന്ത്രിസഭയിലേക്ക് എത്താനുള്ള സാധ്യത ഇടതുമുന്നണി നേതൃത്വവും തള്ളിക്കളയുന്നില്ല.

ജനുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന തോമസ് ചാണ്ടി അനുസ്മരണത്തിന് ശേഷം പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനം. പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുമ്പോൾ മന്ത്രിസഭയിലും അഴിച്ചുപണി വരുമെന്ന സൂചനയാണ് എൻസിപി നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായിലെ വിജയിച്ച മാണി സി. കാപ്പന് പാർട്ടി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്താൻ താൽപര്യമില്ലെന്ന് ശരദ് പവാറിനെ അറിയിച്ചതായാണ് സൂചന. പിന്നീട് എന്‌സിപിയിൽ നിന്ന് അധ്യക്ഷപദവിയിലേക്ക് എത്താൻ സാധ്യതയുള്ളത് ടി.പി പീതാംബരനും എ.കെ ശശീന്ദ്രനുമാണ്.

നേരത്തെ അധ്യക്ഷ സ്ഥാനം മോഹിച്ചിരുന്ന എ.കെ ശശീന്ദ്രന് ഇപ്പോൾ മന്ത്രിസ്ഥാനത്ത് തുടരാനാണ് താൽപര്യം. പക്ഷെ പാർട്ടിയിലെ വലിയ വിഭാഗത്തിന് ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരുന്നതിനോട് യോജിപ്പില്ല. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോൾ ഒഴിയാം എന്ന നിലയിലാണ് ശശീന്ദ്രൻ രണ്ടാം വട്ടം മന്ത്രിയായത്.

മാണി സി. കാപ്പനെ മന്ത്രിയാക്കുന്നതിനോട് ഇടതുമുന്നണിക്കും താൽപര്യമാണ്. അങ്ങനെയായാൽ ശശീന്ദ്രൻ പാർട്ടി സംസ്ഥാന അധ്യക്ഷനാകും.

ഫെബ്രുവരിയോടെ മാത്രമേ അഴിച്ചുപണി പാർട്ടി ലക്ഷ്യമിടുന്നുള്ളൂ. അതുവരെ ടി.പി. പീതാംബരനെ താൽക്കാലിക അധ്യക്ഷനാക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ആലോചന.