ഐപിഎൽ ലേലത്തിൽ ബിഡ് ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി താംബെ
സ്വന്തം ലേഖകൻ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ ബിഡ് ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി മുംബൈയുടെ വെറ്ററൻ സ്പിന്നർ പ്രവീൺ താംബെ. ഐപിഎൽ താരലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങിയതോടെയാണ് താംബെ ഈ നേട്ടം സ്വന്തമാക്കിയത്. 48 വയസാണ് ഇക്കുറി ലേലത്തിൽ നിന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങുമ്പോൾ താംബെയുടെ പ്രായം. 7 വർഷങ്ങൾക്ക് മുൻപ് 41-ം വയസിൽ ഐപിഎല്ലിൽ അരങ്ങേറി, ഐപിഎൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും താംബെ സ്വന്തമാക്കിയിട്ടുണ്ട്.
അടിസ്ഥാന വിലയായ 20 ലക്ഷം രൂപ മുടക്കിയായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താംബെയെ ലേലത്തിൽ നിന്ന് സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസിൽ കളിച്ച് ഐപിഎൽ കരിയർ തുടങ്ങിയ താംബെ, 33 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 30.26 ബോളിംഗ് ശരാശരിയിൽ 28 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2014 ഐപിഎൽ സീസണിലായിരുന്നു താംബെയുടെ ഏറ്റവും മികച്ച പ്രകടനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആ സീസണിൽ കളിച്ച 13 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകളാണ് താംബെ നേടിയത്. തൊട്ടടുത്ത സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 7 വിക്കറ്റുകളായിരുന്നു താംബെയുടെ സമ്ബാദ്യം. 2016 ൽ ഗുജറാത്ത് ലയൺസിന് വേണ്ടി കളിച്ച ഈ വെറ്ററൻ സ്പിന്നർ 7 മത്സരങ്ങളിൽ 5 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. 2016 ന് ശേഷം ഐപിഎല്ലിൽ ഒരു മത്സരം പോലും താംബെ കളിച്ചിട്ടില്ല.