പൊൻകുന്നത്ത് പെട്രോൾ പമ്പിന് മുന്നിൽ സ്വകാര്യ ബസിന് തീപിടിച്ചു: അപകടം ഒഴിവായത് തലനാരിഴയ്ക്ക്; കത്തിയത് കട്ടപ്പനയ്ക്കു പോയ സ്വകാര്യ ബസ്
Hiസ്വന്തം ലേഖകൻ
കോട്ടയം: കെ.കെ റോഡിൽ പൊൻകുന്നത്ത് പെട്രോൾ പമ്പിന് മുന്നിൽ സ്വകാര്യ ബസിന് തീപിടിച്ചു. നിറയെ യാത്രക്കാരുമായി സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിനാണ് നടുറോഡിൽ വച്ച് തീപിടിച്ചത്. യാത്രക്കാരെ കൃത്യ സമയത്ത് ബസിനുള്ളിൽ നിന്നും ഇറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
വ്യാഴാഴ്ച വൈകിട്ട് ആറരയോടെ കെ.കെ റോഡിൽ പൊൻകുന്നം കെ.വി.എം.എസ് ജംഗ്ഷനു സമീപത്തെ പെട്രോൾ പമ്പിനു മുന്നിലാണ് സ്വകാര്യ ബസിനു തീപിടിച്ചത്. കോട്ടയത്തു നിന്നും കട്ടപ്പനയ്ക്കു പോകുകയായിരുന്ന സെന്റ് തോമസ് വാക്കയിൽ എന്ന സ്വകാര്യ ബസിനാണ് തീ പിടിച്ചത്.
പൊൻകുന്നം ബസ് സ്റ്റാൻഡിൽ നിന്നും പുറത്തിറങ്ങിയ ബസ് കെ.വി എം എ സിനു സമീപത്തെത്തിയപ്പോൾ ഓഫായി പോകുകയായിരുന്നു. തുടർന്ന് ബസിന്റെ മുന്നിൽ നിന്നും തീയും പുകയും ഉയർന്നു. ഇതോടെ ബസ് നിർത്തിയ ശേഷം ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കി. ഈ സമയം റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ബസ് യാത്രക്കാരെ ഇറക്കിയ ശേഷം മുന്നോട്ടു നീക്കി നിർത്തി. ഇതിനിടെ ബസിന്റെ മുൻ ഭാഗത്തു നിന്നും കൂടുതൽ തീയും പുകയും ഉയരുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പമ്പിൽ നിന്നും അഗ്നിരക്ഷാ ഉപകരണങ്ങളുമായി എത്തിയ ജീവനക്കാരും, നാട്ടുകാർ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതോടെയാണ് തീ നിയന്ത്രണ വിധേയമായത്. എന്നാൽ, റോഡിനു നടുവിൽ വാഹനങ്ങൾക്ക് തീ പിടിച്ചതോടെ വൻ ഗതാഗതക്കുരുക്കാണ് കെ.കെ റോഡിൽ ഉണ്ടായത്. ബസ് റോഡരികിലേയ്ക്കു മാറ്റി ഇട്ടിരിക്കുകയാണ് ഇപ്പോൾ.