മകൾക്ക് രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായമായിട്ടില്ല, ആ പോസ്റ്റ് സത്യമല്ല : ഗാംഗുലി
സ്വന്തം ലേഖകൻ
കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിയെ വിമർശിച്ചുള്ള മകൾ സനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പ്രതികരണവുമായി ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഗാംഗുലിയുടെ പ്രതികരണം.
ഈ വിവാദങ്ങളിലേക്ക് മകളെ വലിച്ചിഴക്കരുത്. ആ പോസ്റ്റ് സത്യമല്ല. അവൾക്ക് രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായമായിട്ടില്ല. ഗാംഗുലി ട്വീറ്റിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള സനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയായിരുന്നു. നിരവധി പേർ സനയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. യുവതലമുറയുടെ ആർജ്ജവം എന്നാണ് ആളുകൾ സനയുടെ ഇൻസ്റ്റാ സ്റ്റോറിയെ വിശേഷിപ്പിച്ചത്.
എഴുത്തുകാരൻ ഖുശ്വന്ത് സിങ്ങിന്റെ ‘ഇന്ത്യയുടെ അവസാനം’ എന്ന പുസ്തകത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചായിരുന്നു സനയുടെ പോസ്റ്റ്. ഫാസിസ്റ്റ് ഭരണകൂടം പൗരൻമാരെ എങ്ങനെയാണ് നേരിടുക എന്നും സന കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ഇന്ന് നമ്മൾ പ്രതികരിച്ചില്ലെങ്കിൽ അടുത്ത ലക്ഷ്യം നമ്മളാകാം. അത് ചിലപ്പോൾ സ്ത്രീകളുടെ വസ്ത്രങ്ങളാകാം, ജനങ്ങളുടെ ഭക്ഷണമാകാം, മദ്യമാകാം, വിദേശ വസ്ത്രങ്ങൾ കാണുന്നതു വരെയാകാമെന്നും സന പോസ്റ്റിൽ പറയുന്നുണ്ട്.
എന്നാൽ പോസ്റ്റ് ചർച്ചയായതിന് പിന്നാലെ സന ഇത് പിൻവലിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗാംഗുലിയുടെ പ്രതികരണം.